ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കുമെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപിയുടെ വളര്‍ച്ച ഗംഭീരമായിരിക്കും. സിപിഎം മെമ്പർഷിപ്പ് ഉപേക്ഷിച്ചു.
35 വർഷം ഇടത് പക്ഷത്തിനൊപ്പം പ്രവർത്തിച്ചു. ടെലിവിഷനുകളിൽ ഇടത് പക്ഷത്തിനായി സംവദിച്ചു. ഇനി ബിജെപിയുടെ ആശയത്തോടൊപ്പം പ്രവർത്തിക്കും. ഇനിയും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകും. സിപിഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ റെജി ലൂക്കോസ് പറഞ്ഞു.
അമിത് ഷാ ഈ മാസം 11 ന് എത്തുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്ക് തുടക്കമിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ പ്രകടനപത്രിക അദ്ദേഹം പറയുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും വികസിത കേരളം തന്നെയാണ് ബിജെപി ലക്ഷ്യം. വിശ്വാസ സംരക്ഷണത്തിന് പ്രാധാന്യം നൽകും. ബിജെപിയെ തോൽപ്പിക്കാൻ ജമാ അത്ത ഇസ്ലാമിയുടെ രാഷ്ട്രീയം കണ്ടതാണ്. മതേതരത്വം പറയുന്ന ഇടത്- വലത് മുന്നണി ജമാ അത്ത ഇസ്ലാമിയുടെ പിന്തുണ തേടുന്നത് ജനം അറിയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
അതേസമയം, റെജി ലൂക്കോസ് സി.പി.എം അല്ലെന്നും പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍.രഘുനാഥ് പ്രതികരിച്ചു. വഴിയാത്രക്കാരന് എവിടെയും പോകാം. അദ്ദേഹത്തിനു സി.പി.എമ്മുമായി ബന്ധമില്ല. റെജി പോയതെന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കൂവെന്നും ടി.ആര്‍.രഘുനാഥ് പറഞ്ഞു.