യുഡിഎഫ് അധികാരത്തിൽ വന്നാൽ മാറാട് ആവർത്തിക്കുമെന്ന പ്രസ്താവന തള്ളി LDF കൺവീനർ തന്നെ രംഗത്ത് വന്നതോടെ വെട്ടിലായി എ.കെ ബാലൻ. നിർണായക ഘട്ടത്തിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയെന്ന വികാരമാണ് ഉയരുന്നത്. എന്നാൽ താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് ബാലന്റെ വാദം.
യു.ഡി.എഫിന്റെ നൂറുസീറ്റ് വാദത്തെ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു എ.കെ ബാലന്റെ കഴിഞ്ഞ ദിവസത്തെ ഈ പ്രതികരണം. തുടക്കത്തിൽ നേതൃത്വം പ്രതികരണത്തെ കാര്യമായിട്ടെടുത്തില്ലെങ്കിലും ഒടുവിൽ തള്ളി പറയേണ്ടി വന്നു. ഇതൽപം കൂടിപോയെന്ന് പാർട്ടിക്കുള്ളിലും ഇടത് സംസ്കാരിക പ്രവർത്തകർക്കിടയിലും സംസാരമാവുകയും യുഡിഎഫ് ആയുധമാക്കുകയും ചെയ്തുതോടെ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ തന്നെ രംഗത്തെത്തി. അത് വ്യക്തിപരമായ അഭിപ്രായമെന്ന് പറയേണ്ടി വന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പും ഇതേ കാര്യം എ.കെ ബാലൻ പ്രതിപാദിച്ചിരുന്നു. നിലവിൽ വെള്ളാപ്പിള്ളിയും മറ്റു കാരണങ്ങൾ കൊണ്ടും ന്യൂനപക്ഷ വോട്ടുകളിൽ കാര്യമായി ഇടിവുവന്ന സാഹചര്യത്തിൽ ബാലന്റെ പ്രതികരണം കൂടുതൽ പ്രഹരമുണ്ടാക്കുമെന്ന് പാർട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. അതിനാൽ കൂടുതൽ തള്ളിപ്പറയലുകൾ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
എന്നാൽ തന്റെ വാദം മാധ്യമപ്രവർത്തകർ വളച്ചൊടിച്ചെന്നാണ് എ.കെ ബാലന്റെ ഭാഗം. ഇനിയൊരു പ്രതികരണത്തിനില്ലെന്നു അറിയിച്ചിട്ടുണ്ട്. പാർട്ടിക്ക് കൂടുതൽ തലവേദന ഉണ്ടാക്കാതെ വിഷയം രാഷ്ട്രീപരമായും നിയമപരമായും നേരിടാനാണ് ബാലന്റെ ശ്രമം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജില്ലാ നേതൃത്വത്തിനും അഭിപ്രായമുണ്ട്.