നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടികള്‍ അരയും തലയും മുറുക്കവേ ‘സംഖ്യകള്‍’ കൊണ്ട് പോരടിച്ച് നേതാക്കന്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് നേടുമെന്നാണ് ബത്തേരിയിൽ നടന്ന ക്യാംപിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം. ‍എന്നാല്‍ പിന്നാലെ യുഡിഎഫിനെ കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി എംഎൽഎ രംഗത്തെത്തി.

‘98 68 91 99 ഇതൊരു ഫോൺ നമ്പർ അല്ല. കഴിഞ്ഞ 4 നിയമസഭയിലെ LDF സീറ്റുകളാണ്’ എന്ന് യുഡിഎഫിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു എം.എം.മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2006 ല്‍ 98 സീറ്റ് ((വി.എസ്. അച്യുതാനന്ദൻ സർക്കാർ), 2011-ൽ 68 (പ്രതിപക്ഷം), 2016 ൽ 91 സീറ്റ് (ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍), 2021 ൽ 99 സീറ്റ് (രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍) എന്നിങ്ങനെയാണ് എം.എം.മണി സൂചിപ്പിക്കുന്ന കണക്കുകള്‍.

എന്നാല്‍‌ പോസ്റ്റിട്ട് അധിക സമയം വേണ്ടി വന്നില്ല, മറുപടിയുമായി വി.ടി.ബല്‍റാമെത്തി. 99 ന് ശേഷം 35 കൂടി എഴുതിയായിരുന്നു ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യയും’ എന്നാണ് ബല്‍റാം കുറിച്ചത്.

എംഎം.മണി എല്‍ഡിഎഫ് നേടിയ സീറ്റുകളുടെ കണക്കുകള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞ​െടുപ്പില്‍ എല്‍ഡിഎഫിന് പരമാവധി 35 സീറ്റുകളേ നേടാനാകൂ എന്നാണ് ബല്‍റാം പറയുന്നത്. എന്തായാലും പോസ്റ്റുകള്‍ക്ക് താഴെ എല്‍ഡിഎഫ്– യുഡിഎഫ് പ്രവര്‍ത്തകരും എത്തുന്നുണ്ട്. കമന്‍റിട്ടും മറുപടി നല്‍കിയും എല്ലാവരും ചേര്‍ന്ന് രണ്ട് പോസ്റ്റുകളും ഇതിനകം വൈറലാക്കിക്കഴി​ഞ്ഞു.

നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചാണ് കോൺഗ്രസിന്‍റെ ബത്തേരി നേതൃക്യാംപിന് സമാപിച്ചത്. സിപിഎം - ബിജെപി ക്യാംപിൽ നിന്ന് നേതാക്കൾ യുഡിഎഫിലേക്ക് എത്തുന്നത് ഉൾപ്പെടെയുള്ള വിസ്മയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് പ്രതീക്ഷിക്കാമെന്നും ക്യംപിന് ശേഷം വി.ഡി.സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകൾ എന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തന്റെ 'മിഷൻ 110' പ്രഖ്യാപിച്ചത്. യുഡിഎഫ് 100 സീറ്റുകൾ ലക്ഷ്യമിടുമ്പോൾ, അതിനെ മറികടക്കുന്ന ആത്മവിശ്വാസത്തോടെ മൂന്നാം തുടർച്ചയായ ഭരണം ഉറപ്പിക്കാനാണ് എൽഡിഎഫ് നീക്കം.

ENGLISH SUMMARY:

The political climate in Kerala is heating up as parties gear up for the 2026 Assembly elections. Following a two-day Congress leadership camp titled 'Lakshya 2026' in Sulthan Bathery, Wayanad, the UDF expressed supreme confidence in winning 100 seats. In response, veteran CPM leader and former minister M.M. Mani MLA took to Facebook to remind the UDF of the LDF's past strengths. He posted the sequence "98 68 91 99," clarifying that these aren't phone numbers but the seats won by the LDF in the last four elections (2006, 2011, 2016, and 2021). Congress leader V.T. Balram quickly countered this by adding "35" to the sequence. He remarked that while it looks like a phone number now, it will soon become the "magic number of change," predicting that the LDF will be reduced to just 35 seats in the upcoming election.