തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഗോദയിലേക്കിറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന തിരുവനന്തപുരത്ത് ആദ്യം താമര വിരിയിക്കാനാണ് പരിശ്രമവും. ബി.ജെ.പിയ്ക്ക് ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളില്‍ ഒന്നാമത് നേമവും രണ്ടാമത് വട്ടിയൂര്‍ക്കാവുമാണ്.
വിജയസാധ്യതയേറിയ മണ്ഡലമായതിനാല്‍ വട്ടിയൂര്‍ക്കാവിനോട് നേതാക്കള്‍ക്ക് പ്രിയമേറെയാണ്. മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ നിയമസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ വട്ടിയൂര്‍ക്കാവില്‍ നിന്നും ബിജെപിക്കായി ജനവിധി തേടാന്‍ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ജി.കൃഷ്ണകുമാര്‍. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്‍റെ ചുമതല വഹിച്ച അനുഭവത്തിന്‍റെ ബലം തുണക്കുമെന്നാണ് കൃഷ്ണകുമാറിന്‍റെ പ്രതീക്ഷ.
നേമത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മല്‍സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവില്‍ വോട്ട് നിലയില്‍ ബിജെപി ആയിരുന്നു മുന്നില്‍. ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വട്ടിയൂര്‍ക്കാവില്‍ താല്‍പര്യമറിച്ചെന്ന് വാര്‍ത്തകളുണ്ടായെങ്കിലും അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു.