ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനെ നേരിടാനുള്ള തന്ത്രങ്ങളാണ് ക്യാംപിൽ പ്രധാനമായും ചർച്ച ചെയ്യുക. കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങി ഇരുന്നൂറോളം പ്രതിനിധികൾ ഈ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കൊപ്പം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നത് സിറ്റിങ്ങ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യമാണ്. സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടങ്ങുന്ന സംസ്ഥാന നേതൃത്വം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ്. എംപിമാർ മത്സരിച്ചാൽ മാത്രമേ ഭരണം പിടിക്കാനാകൂ എന്ന സാഹചര്യം നിലവിൽ കേരളത്തിലില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
എഐസിസിയും പൊതുവെ എംപിമാർ നിയമസഭയിലേക്ക് മാറുന്നതിനോട് വിയോജിപ്പുള്ളവരാണ്. എന്നാൽ വിജയസാധ്യത മാത്രം മുൻനിർത്തി ചില പ്രത്യേക ഇളവുകൾ നൽകേണ്ടി വരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാകും. ചില നിർണ്ണായക മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ കരുത്തരായ സ്ഥാനാർത്ഥികൾ വേണമെന്ന വാദം പാർട്ടിക്കുള്ളിൽ ശക്തമാണ്. വിജയസാധ്യത കണക്കിലെടുത്ത് ചില എംപിമാർക്ക് ഇളവ് നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.
കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന കോന്നി അടൂർ പ്രകാശ്മാറിയതോടെ കൈവിട്ടു പോയിരുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ അടൂർ പ്രകാശ് തന്നെ മടങ്ങിവരണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ശക്തമാണ്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയാകുമ്പോൾ, ബിജെപിയുടെ വിജയസാധ്യത തടയാൻ ഷാഫി തന്നെ വേണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. മലബാറിലെ മറ്റ് ഏതെങ്കിലും മണ്ഡലം പിടിച്ചെടുക്കാനും ഷാഫിയെ ഉപയോഗിക്കണമെന്ന നിർദ്ദേശം ക്യാംപിൽ ചർച്ചയാകും.
എംപിമാർ മത്സരിക്കണമെങ്കിൽ എഐസിസിയുടെ പ്രത്യേക അനുമതി അനിവാര്യമാണ്. വയനാട് ക്യാംപിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ ഹൈക്കമാൻഡിന് സമർപ്പിക്കും. എംപിമാർ ഒഴിഞ്ഞാൽ അവിടെ ഉപതിരഞ്ഞെടുപ്പ് വരുമെന്നതും, ആ സീറ്റുകളിൽ ജയം ഉറപ്പാക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടോ എന്നതും ഹൈക്കമാൻഡ് പരിശോധിക്കും.