നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നെങ്കില്‍ അത് കൊല്ലം ചവറയില്‍ മാത്രമെന്നു ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കൊല്ലം, ചവറ നിയമസഭാ സീറ്റുകള്‍ വെച്ചുമാറുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം.
1977 മുതല്‍ 6 തവണ ബേബിജോണ്‍ എന്ന രാഷ്ട്രീയ അതികായകനൊപ്പം ചേര്‍ത്തുവെച്ച നിയമസഭാ മണ്ഡലമാണ് ചവറ . 2001ല്‍ അച്ഛന്‍ ജയിച്ച മണ്ഡലത്തില്‍ നിന്നു മകന്‍ ഷിബു ബേബിജോണ്‍ 12481 വോട്ടിനു അവിടെ വിജയിച്ചു. 2006ല്‍ തോറ്റ ഷിബു 2011ല്‍ പകരം വീട്ടി വീണ്ടും വിജയിച്ചു കയറി. എന്നാല്‍, 2016ല്‍ എന്‍.വിജയന്‍പിള്ളയോടും പിന്നീട് സുജിത്ത് വിജയന്‍പിള്ളയോടും പരാജയപ്പെട്ടതിനു പിന്നാലെയാണ് മണ്ഡലം വെച്ചുമാറല്‍ ചര്‍ച്ച സജീവമായത്. ആര്‍.എസ്.പിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ തന്നെ ഇക്കാര്യം ഷിബു ബേബിജോണിനോട് പറയുകയും ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും മാത്രമല്ല രാഷ്ട്രീയമെന്നാണ് ഷിബു ബേബിജോണിന്‍റെ മറുപടി.
ഷിബുവിന്‍റെ കടുത്ത നിലപാടോടെ മണ്ഢലം മാറ്റത്തിനു മുന്‍കൈ എടുത്ത ആര്‍.എസ്.പി, കോണ്‍ഗ്രസ് നേതാക്കളും പിന്‍വാങ്ങി. ഇനിയറിയേണ്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയവര്‍ തന്നെ വീണ്ടും അങ്കതട്ടില്‍ എത്തുമോയെന്നു മാത്രമാണ്. 2021 ആഞ്ഞു വീശിയ എല്‍.ഡി.എഫ് തരംഗത്തിനിടയ്ക്ക് 1096 വോട്ടുകള്‍ക്കാണ് സുജിത് വിജയന്‍പിള്ളയോട് ഷിബു ബേബിജോണ്‍ പരാജയപ്പെടുന്നത്.