karthik-premachandran-vishnu-mohan

വിഷ്ണു മോഹന്‍, കാര്‍ത്തിക് പ്രേമചന്ദ്രനും എന്‍കെ പ്രേമചന്ദ്രനും

എൻ.കെ.പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രന്‍റെ പേരിൽ തർക്കം നിലനിന്ന ഇരവിപുരത്ത് വിഷ്ണു മോഹനെ സമവായ സ്ഥാനാർഥിയായി തീരുമാനിച്ച് ആര്‍എസ്പി. കുന്നത്തൂരിലും, ചവറയിലും, ആറ്റിങ്ങലിലും സ്ഥാനാർഥിയെ തീരുമാനിച്ചു. അഞ്ചാമത്തെ സീറ്റ് ആയ മട്ടന്നൂരിന് പകരം ചടയമംഗലമോ അമ്പലപ്പുഴയോ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട കാർത്തിക്കിന്‍റെ പേരിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള  മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് സമവായ സ്ഥാനാർഥിയായി വിഷ്ണു മോഹനത്തിയത്. രാവിലെ ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ കാർത്തിക് പ്രേമചന്ദ്രന്‍റെ പേരിലായിരുന്നു മുൻതൂക്കം. പറ്റില്ലെന്ന് നിലപാടിൽ ഷിബു ബേബി ജോൺ ഉറച്ചുനിന്നു. പിന്നീട് സംസ്ഥാന കമ്മിറ്റി യോഗം നടന്നപ്പോഴും കാർത്തിക്കിന്‍റെ പേരും എംഎസ് ഗോപകുമാറിന്‍റെ പേരും ഇരുവിഭാഗങ്ങളായി ഉയർത്തി. രണ്ടു വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു സ്ഥാനാർത്ഥി വരട്ടെ എന്നുള്ള പൊതുനിലപാടിനൊപ്പം ഭൂരിപക്ഷം പേരും നിന്നു. ഇതോടെയാണ് ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ കളത്തിലിറങ്ങിയത്.

ഇന്ന് നടന്ന യോഗങ്ങളിൽ എൻ.കെ.പ്രേമചന്ദ്രൻ വികാരാധീനനായാണ് സംസാരിച്ചത്. തന്‍റെ മകന്‍റെ പേര് അനാവശ്യമായി ചർച്ചകളിലേക്ക് വലിചിഴച്ചെന്നും മകൻ സ്ഥാനാർഥി അല്ലെന്ന് മുതിർന്ന നേതാക്കൾ വരെ പരസ്യമായി പറഞ്ഞെന്നും ഇവരെ ഇതിന് ആരാണ് ചുമതലപ്പെടുത്തിയത് എന്നും പ്രേമചന്ദ്രൻ ചോദിച്ചു. എന്നാൽ കാർത്തിക്കിന്‍റെ പേര് ഉയർന്നപ്പോൾ ചിലർ മൗനം പാലിച്ചതാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് പ്രേമചന്ദ്രനെ ഉന്നം വച്ച് മറുപടിയുമെത്തി. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു എന്ന് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഷിബു ജോൺ പറഞ്ഞു.

ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും സ്ഥാനാർഥികളാവും. അഞ്ചാമത്തെ സീറ്റ് ആയ മട്ടന്നൂരിന് പകരം കാഞ്ഞങ്ങാട്, പയ്യന്നൂർ, അമ്പലപ്പുഴ, ചടയമംഗലം, എന്നിവയിൽ ഏതെങ്കിലും ഒരു സീറ്റ് ആണ് ആവശ്യം. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തിന്‍റെ നിലപാട് അടങ്ങിയ ശേഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.

ENGLISH SUMMARY:

The RSP has finalized its candidate list for the 2026 Kerala Assembly elections following a day of intense internal debates. In a major move, Vishnu Mohan has been chosen as the consensus candidate for the Eravipuram seat, ending the controversy surrounding Karthik Premachandran’s potential candidacy. While N.K. Premachandran’s son was initially favored, strong opposition led by Shibu Baby John resulted in a compromise. Shibu Baby John will contest from Chavara, with Ullas Kovoor set for Kunnathur and Santhosh Bhadran for Attingal. The party is also negotiating with the UDF to swap the Mattannur seat for either Chadayamangalam or Ambalappuzha. These strategic decisions reflect the party's efforts to maintain internal unity while gearing up for a tough electoral battle. Stay updated on the final UDF seat-sharing and RSP candidate announcements for the 2026 polls.