നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റ് ചോദിക്കുമെന്ന് മുസ്ലിം ലീഗ്. എത്ര സീറ്റ് ചോദിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ലീഗിന്റെ മണ്ഡലങ്ങളിൽ ലീഗ് തന്നെ മല്‍സരിക്കുമെന്നും നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തൃശൂരിന് അപ്പുറത്തേക്കുള്ള ജില്ലകളില്‍ ലീഗ് വലിയ മുന്നേറ്റമാണ് നടത്തിയത്. അതിനനുസരിച്ച് കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് പ്രവര്‍ത്തകരും നേതൃത്വവും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതകൾക്ക് പ്രാമുഖ്യം നൽകുമെന്നും പുതുമുഖങ്ങളെയും അനുഭവസമ്പത്തുള്ളവരെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും സാദിഖലി തങ്ങള്‍ വിശദീകരിച്ചു. ലീഗിന് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ അതിന് ആനുപാതികമായി വനിതകള്‍ക്കുള്ള സീറ്റിലും വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സീറ്റ് വച്ചുമാറുന്ന കാര്യത്തില്‍ ജയസാധ്യത മാത്രമാണ് പരിഗണിക്കുക. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു രാഷ്ട്രീയ മുന്നണി ബന്ധവും ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങളെ ജനം തള്ളിക്കളഞ്ഞതാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതും അതാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിനെ വെള്ളാപ്പള്ളി തിരുത്തേണ്ടതില്ലെന്നും ലീഗ് സഹിഷ്ണുതയും സഹവര്‍ത്തിത്വവും ഉള്ള പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് മുസ്ലിംകളെയും ഈഴവരെയും തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മാറാട് ആവര്‍ത്തിക്കാന്‍ നോക്കുന്നുവെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കടുത്ത അവഗണനയാണ് ഈഴവ സമുദായത്തോടെ ലീഗ് ഭരണത്തിലിരുന്നപ്പോള്‍ കാണിച്ചതെന്നും സാമൂഹിക നീതി അട്ടിമറിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.