പുതുവര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് മൂഡിലേക്ക് നീങ്ങുകയാണ് മുന്നണികള്‍ . എല്‍ഡിഎഫിന്‍റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ മുന്നണിയെ നയിക്കുമെന്നുറപ്പായി. എം.വി ഗോവിന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല . സിറ്റിങ് എംപിമാര്‍ക്കുള്‍പ്പടെ ഇളവ് നല്‍കി യുഡിഎഫ് മല്‍സരിപ്പിക്കും. നിയമഭയില്‍ പത്ത് സീറ്റില്‍ സര്‍ജിക്കല്‍സ്ട്രൈക്കാണ് ബിജെപിയുടെ ലക്ഷ്യം
പിണറായി വിജയന്‍ മല്‍സരിക്കുമോ മല്‍സരിക്കാതെ മാറി നിന്ന് പ്രചാരണം നയിക്കുമോ എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. പിണറായി മുന്നണിയെ നയിക്കുമെന്ന സൂചന പാര്‍ട്ടി നേതൃയോഗത്തില്‍ ജനറല്‍ സെക്രട്ടറി എം എ ബേബി തന്നെ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന മേഖല ജാഥക്ക് ശേഷം ക്യാപ്റ്റന്‍ പിണറായി മല്‍സരിക്കുമോ എന്ന് സിപിഎം തീരുമാനിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവിയില്‍ സജീവമായ എം വി ഗോവിന്ദന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് തല്ക്കാലം മാറി നില്‍ക്കും.
എംഎല്‍എമാര്‍ ആരൊക്കെ മല്‍സരിക്കുമെന്നതാണ് പുതുവര്‍ഷത്തില്‍ ചര്‍ച്ച. രണ്ടു ടേം വ്യവസ്ഥ എന്നതില്‍ ഇളവ് നല്‍കാന്‍ സിപിഎമ്മില്‍ ധാരണയായിട്ടുണ്ട് . എന്നാല്‍ അതെല്ലാവര്‍ക്കും അനുകൂലമാവില്ല. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ ഉള്‍പ്പടെ ചോദ്യമുനയില്‍ നില്‍ക്കുന്ന കടകംപള്ളിയെ വീണ്ടും മല്‍സരിപ്പകണോ എന്നത് പോലെ പല ചോദ്യങ്ങളും പാര്‍ട്ടിക്ക് മുന്‍പിലുണ്ട്
വി.ഡി. സതീശന്റെ കേരളയാത്രയ്ക്ക് മുന്‍പ് ഏറ്റവും പ്രതീക്ഷയുള്ള 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡം ഈ ആഴ്ചയും യുഡിഎഫ് സീറ്റ് വിഭജനം ജനുവരി പകുതിയോടെയും പൂര്‍ത്തിയാക്കും. പതിവുകള്‍ മാറ്റുകയാണ് യുഡിഎഫ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തുസീറ്റ് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ സീറ്റുകള്‍ പ്രിതീക്ഷിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു
ഈ വര്‍ഷത്തെ ഏറ്റവും വലിയ രാഷ്ട്രീയനീക്കം പാലക്കാടാണ്. ഇവിടെ മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇറങ്ങും.ലോക്സഭ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കരുത്തുകാട്ടിയ ശോഭാസുരേന്ദ്രന്‍ കായംകുളത്താണ മല്‍സരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലേതുപോലെ ഈ പത്തുമണ്ഡലങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ബി.ജെ.പി തീരുമാനം.