k-surendran-palakkad

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം എങ്ങനെയായിരിക്കും? എന്തായിരിക്കും തന്ത്രം? തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ച ആത്മവിശ്വാസത്തില്‍ കേരളത്തിലെമ്പാടും താമരവിരിയിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്കരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തുസീറ്റ് നേടുകയാണ്  ലക്ഷ്യം.

സംസ്ഥാനത്ത് ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം പിടിച്ച തിരുവനന്തപുരം ജില്ലയിലാണ് ബിജെപി കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലേതുപോലെ ഈ പത്തുമണ്ഡങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബി.ജെ.പി തീരുമാനം. ഇവിടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

പ്രധാനപ്പെട്ടവര്‍ ഇവിടെ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തു നിന്ന്  ലോക്സഭയിലേക്ക്  മത്സരിച്ച രാജീവിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയ നിയമസഭാ മണ്ഡലം കൂടിയാണ് നേമം. 

ബി.ജെ.പി മുന്‍സംസ്ഥാന അധ്യക്ഷന്മാരായ വി.മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ.കൃഷ്ണദാസ് കാട്ടാകടയിലും ജനവിധി നേടും. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വട്ടിയൂര്‍ക്കാവിലും ഇറങ്ങും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കരുത്തുകാട്ടിയ ശോഭാ സുരേന്ദ്രന്‍ കായംകുളത്താണ് മല്‍സരിക്കുന്നത്. 

പാലക്കാട് പിടിക്കാന്‍ കെ. സുരേന്ദ്രന്‍

കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ പാലക്കാട് മുന്‍സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇറങ്ങും. വലിയ സ്വാധീനമുള്ള പാലക്കാട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ ഇറക്കി ബിജെപി മത്സരിച്ചെങ്കിലും 3,859 വോട്ടിന് ഷാഫി പറമ്പിലിന് പിന്നാലായി. ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,000 ത്തിന് മുകളില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്നു. രാഹുലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണമടക്കം നിലനില്‍കെ മണ്ഡലം പിടിക്കുക എന്നതാണ് സുരേന്ദ്രനെ ഇറക്കുന്നതിലൂടെ ബിജെപി പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

BJP Kerala focuses on the upcoming assembly elections. The party aims to strengthen its position by targeting key constituencies and fielding prominent leaders.