sreelekha-prasanthN

ശാസ്തമംഗലത്തെ ഓഫിസ് ഒഴിപ്പിക്കുന്നതു സംബന്ധിച്ച തർക്കം വിവാദമായതോടെ, വി.കെ.പ്രശാന്ത് എംഎൽഎയുടെ ഓഫിസിൽ വാർഡ് കൗൺസിലർ ആർ.‌ശ്രീലേഖ എത്തിയപ്പോൾ.

വിവാദങ്ങൾക്കൊടുവിൽ എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസിനോട് ചേർന്ന് കൗൺസിലർ ഓഫീസ് തുറന്ന് ആർ. ശ്രീലേഖ. കഷ്ടിച്ച് 75 ചതുരശ്ര അടി മാത്രമുള്ള ഇടത്തെ മുറി എന്ന് പോലും പറയാനാവില്ലെന്ന് ശ്രീലേഖ പരിഹസിച്ചു. കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫീസ് ഒഴിയാൻ വി.കെ. പ്രശാന്തിനോട് ശ്രീലേഖ നേരിട്ട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.  

അങ്ങനെ വിളക്കു കൊളുത്തലോടെ തൽക്കാലം അവസാനിച്ചു. ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന്റെ താഴത്തെ നിലയിൽ ആർ ശ്രീലേഖ കൗൺസിലർ ഓഫീസ് തുറന്നു. ഇവിടെയെത്തുന്ന പൊതുജനങ്ങൾക്ക് പഴയതുപോലെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെയും ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയെയും തൊട്ടടുത്ത മുറികളിൽ കാണാം. ഭാരതാംബയുടെ ചിത്രത്തിന് മുൻപിൽ വിളക്ക് കൊളുത്തി ശ്രീലേഖ തന്നെ ഉദ്ഘാടനം നടത്തിയത്. 

അതേസമയം, തന്റെ ഓഫീസ് നിൽക്കുന്ന ഇടത്തെ മുറി എന്ന് പറയാനാവില്ല എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. കഷ്ടിച്ച് 75 ചതുരശ്ര അടിയുള്ള ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫീസ് മുറിക്ക് ചുറ്റിനും ടൺ കണക്കിന് മാലിന്യമാണെന്ന് പറഞ്ഞുകൊണ്ട് അതിൻറെ ദൃശ്യങ്ങളും ശ്രീലേഖ പങ്കുവെച്ചു. അതേസമയം, പൊതുജനങ്ങളിൽ നിന്നും നേരിട്ട് മാലിന്യം ശേഖരിക്കുന്ന ഇടം കൂടിയായതിനാൽ ശ്രീലേഖ ഉയർത്തിയ ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ ബുദ്ധിമുട്ടായിരിക്കും. 

കോർപറേഷനിൽ ഭരണം പിടിച്ചതിനു പിന്നാലെ ഓഫിസ് സൗകര്യം വർധിപ്പിക്കാൻ എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കം.  തന്റെ വാർഡായ ശാസ്തമംഗലത്ത് കോർപറേഷന്റെ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന  എംഎൽഎ ഓഫിസ് ഒഴിഞ്ഞുതരണമെന്നു കൗൺസിലർ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. കൗൺസിലറുടെ  ഓഫിസും ഇതേ കെട്ടിടത്തിലാണ് വാടകയ്ക്കു പ്രവർത്തിക്കുന്നത്. നിയമസഭയുടെ കാലാവധി കഴിയുന്ന മേയ് വരെ തുടരാനായി 10 മാസം മുൻപു തന്നെ കോർപറേഷനു കത്തു നൽകിയ വിവരം സിപിഎം എംഎൽഎ ചൂണ്ടിക്കാട്ടി. ഇതോടെ രാഷ്ട്രീയകേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായി ‘ഓഫിസ് മുറി’ മാറുകയായിരുന്നു. 

ENGLISH SUMMARY:

Sreelekha Sasthamangalam Councillor Office finally gets an office space. The office is located near the Vattiyoorkavu MLA's office, but Sreelekha criticized the surroundings for being unclean.