മറ്റത്തൂരിൽ രാജിവച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നടപടിക്കൊരുങ്ങി ഡിസിസി. രാജിവച്ച് തെറ്റ്തിരുത്തിയില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നിയമനടപടി തുടങ്ങുമെന്ന് ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ്. കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്ന കെ ആർ ഔസേപ്പ് രംഗത്തെത്തി
മറ്റത്തൂരിൽ എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതിൽ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവെക്കണം. ഇല്ലെങ്കിൽ അയോഗ്യരാക്കും. പുനരാലോചനയ്ക്ക് പത്തുദിവസം സാവകാശം ഉണ്ടെന്നും തൃശ്ശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ്.
പാർട്ടി നേതൃത്വം തങ്ങളോട് സംസാരിക്കണം, എങ്കിൽ മാത്രമേ രാജിവെക്കുവെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മറ്റത്തൂരിലെ നേതാക്കൾ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്
ടി എം ചന്ദ്രനെതിരെ പുതിയ ആരോപണവുമായി
സിപിഎമ്മിനെ പിന്തുണച്ച വിമത സ്ഥാനാർത്ഥി കെ. ആർ ഔസേപ്പ് രംഗത്തെത്തിയത്. ഡിസംബർ 23ന് രാത്രിയിൽ ചന്ദ്രനും കോൺഗ്രസ് നേതാക്കളും വീട്ടിലെത്തുകയും കൂടെ നിൽക്കണം എന്നും , ബിജെപി പിന്തുണയിൽ പ്രസിഡൻറ് ആകാമെന്നും വാഗ്ദാനം നൽകുകയും ചെയ്തുവെന്ന് ഔസേപ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കോൺഗ്രസ് നേതൃത്വം മറ്റത്തൂരിൽ രാജിവെച്ച് ബിജെപിക്ക് പിന്തുണ നൽകിയ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് മുതിരുമ്പോഴാണ് പുതിയ ആരോപണങ്ങൾ തലപൊക്കുന്നത്. ഇതിനെ പാർട്ടി എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.