തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ വിവാദ അനൗൺസ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. പേരാമ്പ്രയിലെ ജനങ്ങൾ ഉന്നത ജനാധിപത്യ ബോധമുള്ളവരാണെന്നും ഇത്തരത്തിലുള്ള വർഗീയ പ്രചാരണങ്ങൾ ഇവിടെ വിലപ്പോവില്ലെന്നും ഫാത്തിമ വ്യക്തമാക്കി.

എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിൽ നടന്ന അനൗൺസ്മെന്റ് മുൻകൂട്ടി റെക്കോർഡ് ചെയ്തതാണെന്നും ഇത് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന്റെ അറിവോടെയാണെന്നും ഫാത്തിമ ആരോപിച്ചു. "ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി, അത് വെരിഫൈ ചെയ്ത് റെക്കോർഡ് ചെയ്ത ശേഷമാണ് അനൗൺസ്മെന്റ് വാഹനങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് ടി.പി. രാമകൃഷ്ണൻ അറിഞ്ഞുകൊണ്ടല്ല എന്ന് പറയുന്നത് ഒളിച്ചോടലാണ്," ഫാത്തിമ പറഞ്ഞു. മതവിദ്വേഷം പടർത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഡിജിപിക്ക് അടക്കം പരാതി നൽകിയിട്ടും ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ ഫാത്തിമ ചോദ്യം ചെയ്തു. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ച സംഭവത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിട്ടും അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ഈ വിഷയത്തിൽ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന അഹമ്മദ് ദേവർകോവിലിന്റെ ആരോപണത്തെ ഫാത്തിമ തള്ളിക്കളഞ്ഞു. "ഞാൻ ജമാഅത്തെ നോമിനിയാണെന്ന് തെളിയിച്ചാൽ രാഷ്ട്രീയം നിർത്താൻ തയ്യാറാണ്. വികസന കാര്യങ്ങളിൽ സംസാരിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്," അവർ പറഞ്ഞു. മുസ്‌ലിം ലീഗ് നേതാവ് നൂർബിന റഷീദിന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, തന്നെ സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫ് സംവിധാനമാണെന്നും അതിന് മറുപടി പറയേണ്ടത് നേതാക്കളാണെന്നും ഫാത്തിമ പ്രതികരിച്ചു.

പേരാമ്പ്ര ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് ഫാത്തിമ തെഹ്‍ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫിന്റെ മുന്നേറ്റവും ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 46 വർഷമായി മണ്ഡലത്തിൽ കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും ഫാത്തിമ തെഹ്‍ലിയ പറഞ്ഞു.

ENGLISH SUMMARY:

Perambra UDF candidate Fathima Thehliya has strongly criticized the LDF's controversial announcement made during the election campaign. In a special interview with Manorama News, she stated that the people of Perambra possess a high level of democratic consciousness and will not fall for such communal propaganda.