ശാസ്തമംഗലത്തെ കോര്‍പറേഷന് കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന  എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആര്‍.ശ്രീലേഖയുടെ ആവശ്യം സാമാന്യനീതിയുടെ ലംഘനമെന്ന് വി.കെ. പ്രശാന്ത് എംഎല്‍എ. എംഎല്‍എയെ കൗണ്‍സിലര്‍ വിളിച്ച് ആവശ്യപ്പെടുന്നത് ശരിയല്ല. നേതൃത്വം അറിഞ്ഞാണോ വിളിച്ചതെന്ന് അറിയണമെന്നും ഏഴ് വര്‍ഷമായി എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്നു‌ണ്ടെന്നും വി.കെ.പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു.  എല്‍.ഡി.എഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫീസ് ഒഴിയേണ്ടി വരും. Also Read: വി.കെ.പ്രശാന്ത് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ആര്‍.ശ്രീലേഖ; പറ്റില്ലെന്ന് പ്രശാന്ത്.

വി.കെ.പ്രശാന്തിന്റെ വാക്കുകള്‍: കഴിഞ്ഞ ഏഴു വർഷമായിട്ട് അവിടെ എംഎൽഎ ഓഫീസ് പ്രവർത്തിക്കുകയാണ് ഒപ്പം തന്നെ കൗൺസിലർ ഓഫീസും അവിടെ പ്രവർത്തിക്കുന്നുണ്ട്. അവർക്കൊന്നും പരാതി ഇല്ലായിരുന്നു. ഇപ്പോൾ വന്നിട്ടുള്ള കൗൺസിലർക്കാണ് എംഎൽഎ മാറിയാലേ സൗകര്യം ഉണ്ടാവും എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞുകൊണ്ട് ഇന്നലെ വിളിച്ചത്. ഞാൻ അപ്പോൾ തന്നെ അത് കരാർ കാലാവധി ഉണ്ട് കഴിയുന്ന മുറയ്ക്ക് ആലോചിക്കാം എന്ന നിലയ്ക്ക് മറുപടി പറഞ്ഞു. 

ഇതൊരു ശരിയായ രീതിയല്ല. ഞാൻ മേയർ ആയിരിക്കുന്ന സന്ദർഭത്തിലാണ് ഈ 100 വാർഡുകളിലും വാർഡ് കമ്മിറ്റി ഓഫീസുകൾക്ക് അനുവദിക്കാനും നഗരസഭയുടെ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അത് എടുക്കണം ഇല്ലായെങ്കിൽ വാടകയ്ക്ക് ഒരു സ്വകാര്യ കെട്ടിടം അടക്കം എടുക്കാനുള്ള തീരുമാനം എടുക്കുന്നത് അന്ന് മേയർ ആയി പ്രതിഷേധിച്ച ഞാൻ ആയിരുന്നു. അങ്ങനെ മുൻ മേയർ ആയിരിക്കുന്ന ഒരു ആളോട് കൂടിയാണ് ഇത് പറയുന്നത് എന്ന് കൂടി ഓർമ്മിപ്പിക്കണം.

അപ്പോൾ ആ നിലയിൽ ഒരു സാമാന്യ മര്യാദ കാണിക്കാതെ ആണ് കൗൺസിലർക്ക് സൗകര്യം വരാത്തത് കൊണ്ട് എംഎൽഎ മാറി തരണം എന്ന് പറയുന്ന നില വരുന്നത്. അപ്പോൾ ഇത് ഒരു ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ച ഒരു കാര്യമല്ല. ഇത് ബന്ധപ്പെട്ട ആൾക്കാരുമായിട്ട് ആലോചിച്ചിട്ടാണോ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത് എന്നുള്ള കാര്യം എനിക്ക് സംശയമുണ്ടെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു. അതിന് പരിശോധിച്ചു മാത്രമേ വ്യക്തമാക്കാൻ വേണ്ടി കഴിയൂ. അടുത്ത മാർച്ച് വരെ കരാർ കാലാവധി ഉണ്ട്. അതുവരെ തുടരും. അതിനു മുമ്പ് ഒഴിപ്പിക്കണമെങ്കിൽ ഒഴിപ്പിച്ചോളൂ എന്ന് ഞാൻ അവരോട് പറഞ്ഞിട്ടാണ് ആണ് സംഭാഷണം അവസാനിപ്പിച്ചതെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.

 വി.കെ. പ്രശാന്തിന്റെ ഓഫിസ് ഒഴിയാനുളള  നിര്‍ദേശത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി.രാജേഷ്. സൗഹൃദത്തിന്റെ പേരില്‍ വി.കെ.പ്രശാന്തിനെ വിളിച്ച് സ്ഥലപരിമിതിയെ കുറിച്ച് ശ്രീലേഖ സൂചിപ്പിക്കുകയായിരുന്നുവെന്നും വി.വി.രാജേഷ് പറ‍ഞ്ഞു.

ENGLISH SUMMARY:

V.K. Prasanth MLA has termed R. Sreelekha’s demand that he vacate the MLA office as a violation of natural justice. He said it is not appropriate for a councillor to call an MLA and make such a demand. Prasanth questioned whether the call was made with the knowledge of the party leadership. He also noted that the MLA office has been functioning for the last seven years. The remarks were made during an interaction with Manorama News. The statement has added to the ongoing political discussion surrounding the issue.