തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കില്ലെന്ന് മേയര്‍ വി.വി.രാജേഷ്. അധികാരത്തിലെത്തിയാല്‍ ആര്യയ്ക്കും ഭരണസമിതിക്കും എതിരായ അഴിമതി ആരോപണങ്ങളില്‍ കോര്‍പറേഷന്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.
ഇതേക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രാജേഷിന്‍റെ പ്രതികരണം. അന്വേഷണം നടത്തുന്ന കാര്യത്തില്‍ സമയമാകുമ്പോള്‍ തീരുമാനമെടുക്കുമെന്നും രാജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിച്ച ബി.ജെ.പി പണി തുടങ്ങി. ആദ്യ ഇര വട്ടിയൂര്‍ക്കാവ് എം.എല്‍.എയും മുന്‍ മേയറുമായ വി.കെ.പ്രശാന്ത്. ശാസ്തമംഗലത്തെ കോര്‍പറേഷന് കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് ഒഴിയണമെന്ന് വാര്‍ഡ് കൗണ്‍സിലറായ ആര്‍.ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ശ്രീലേഖ വി.കെ.പ്രശാന്തിനോട് ആവശ്യപ്പെട്ടത്.
നിയമസഭ കാലാവധി കഴിയും വരെ തുടരാന്‍ പത്ത് മാസം മുമ്പ് തന്നെ കോര്‍പറേഷന് കത്ത് നല്‍കിയതായി പ്രശാന്ത് മറുപടി നല്‍കി. എല്‍.ഡി.എഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എം.എല്‍.എക്ക് ഓഫീസ് ഒഴിയേണ്ടി വരും.