യുഡിഎഫ് സ്വതന്ത്രനെ ബിജെപി പിന്തുണച്ച് കോട്ടയം കുമരകത്ത് അട്ടിമറി. അൻപത്തിയഞ്ചു വർഷത്തിനുശേഷം കുമരകത്ത് സിപിഎമ്മിന് ഭരണം നഷ്ടമായി. യുഡിഎഫും ബിജെപിയും പിന്തുണച്ചതോടെ നറുക്കെടുപ്പിലൂടെ സ്വതന്ത്രഅംഗം എപി ഗോപി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ബിജെപി കൂട്ടുകെട്ടാണെന്ന് സിപിഎം ആരോപിച്ചു.
എൽഡിഎഫ് എട്ട്, കോൺഗ്രസ് നാല്, സ്വതന്ത്രൻ ഒന്ന്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കുമരകത്തെ കക്ഷിനില. രണ്ടാം വാർഡിൽ നിന്ന് ജയിച്ച സ്വതന്ത്ര അംഗം എ.പി.ഗോപിയെ യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർഥിയാക്കി. ഇതിനെ പിന്തുണച്ച് മൂന്ന് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തതോടെ എട്ട് എട്ട് എന്ന നിലയിലായി വോട്ടു നില. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എപി ഗോപി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് അംഗത്തെ ബിജെപി പിന്തുണച്ചെന്ന സിപിഎം ആരോപണം എ.പി ഗോപി തള്ളി.
ബിജെപിയുടെ പിന്തുണ തേടിയിട്ടില്ലെന്നും എപി ഗോപി സ്വതന്ത്ര സ്ഥാനാർഥിയാണെന്നുമാണ് കോൺഗ്രസിന്‍റെ മറുപടി. യുഡിഎഫ് സ്വതന്ത്രനായാണ് ഗോപി ജയിച്ചതെന്നും ബിജെപിയുമായുള്ള കൂട്ടുകെട്ടാണെന്നും സിപിഎം ആരോപിച്ചു. ചെത്തുതൊഴിലാളി നേതാവാണ് എപി ഗോപി.
പത്തുവർഷം സിപിഎമ്മിന്റെ പഞ്ചായത്ത് അംഗവുമായിരുന്ന ഗോപിയെ സിപിഎം പുറത്താക്കിയതാണ്. മൂന്നു തിരഞ്ഞെടുപ്പുകളിൽ സ്വതന്ത്രനായി നിന്നാണ് ജയിച്ചിട്ടുള്ളത്. എപി ഗോപിയിലൂടെ 55 വർഷത്തിനുശേഷമാണ് കുമരകത്ത് സിപിഎമ്മിന് ഭരണം നഷ്ടമാകുന്നത്.