തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. എറണാകുളത്ത് ട്വന്‍റി 20 ക്ക് മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകൾ നഷ്ടപ്പെട്ടപ്പോൾ പുതൃക്കയും തിരുവാണിയൂരും പിടിച്ചെടുത്തു. ആലപ്പുഴ നെടുമുടിയിൽ സിപിഎമ്മിലെ പ്രശ്നങ്ങൾ മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തൃശൂർ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് മെമ്പർമാർ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് പഞ്ചായത്ത് ഭരണം പിടിക്കാന്‍ നീക്കം തുടങ്ങി. എരുമേലി പഞ്ചായത്തില്‍ ഭൂരിപക്ഷമുള്ള യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
അപ്രതീക്ഷിത നിലപാട് മാറ്റങ്ങളും, പിന്തുണയും, നറുക്കെടുപ്പമാണ് മധ്യകേരളത്തിലെ തദ്ദേശ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. എറണാകുളത്ത് മൂന്നു പഞ്ചായത്തുകൾ നിലനിർത്തിയ ട്വന്‍റി 20 ക്ക് മഴുവന്നൂരും കുന്നത്തുനാടും നഷ്ടമായി. എന്നാൽ പുതൃക്ക തിരുവാണിയൂർ പഞ്ചായത്തുകൾ പുതിയതായി അവർ പിടിച്ചെടുത്തു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ട്വൻ്റി 20 പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തിയത് ശ്രദ്ധേയമായി. നറുക്കെടുപ്പിലൂടെ പോത്താനിക്കാട് എൽഡിഎഫും, ഞാറക്കൽ യുഡിഎഫും പിടിച്ചെടുത്തു
ആലപ്പുഴ നെടുമുടിയിൽ നെടുമുടിയില്‍ പാര്‍ട്ടി നിര്‍ദേശിച്ച പ്രസിഡന്‍റിനെ അംഗീകരിക്കാനാവില്ലെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം നിലപാടെടുത്തു. തർക്കം മൂലം എൽഡിഎഫിന്‍റെ ഒൻപത് അംഗങ്ങൾ വിട്ടു നിന്നതോടെ ക്വാറം തികയാതെ തിരഞ്ഞടെുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ബി.ജെ.പിക്ക് പ്രസിഡന്‍റ് സ്ഥാനം. മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പ് വേണ്ടിവന്നെങ്കിലും ഭരണം എല്‍.ഡി.എഫിനുതന്നെ കിട്ടി.
മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച ഭരണം പിടിക്കാന്‍ നീക്കമാരംഭിച്ചു. 10 വർഷം ബിജെപി ഭരിച്ച അവിണിശേരി പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തു. വല്ലാട്ട് പഞ്ചായത്തില്‍ ബി.ജെ.പി അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു
പാറളം പഞ്ചായത്ത് നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് കിട്ടി
കോട്ടയം കുമരകത്ത് ബി.ജെ.പി പിന്തുണയില്‍ യു.ഡി.എഫ് സ്വതന്ത്രന്‍ പ്രസിഡൻ്റായി. 14 യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതോടെ ക്വറം തികയാത്തതിനാൽ എരുമേലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇടുക്കി ജില്ലയിൽ നറുക്കെടുപ്പിൽ മണക്കാട്, രാജകുമാരി കൊക്കയാർ പഞ്ചായത്തുകൾ എൽ ഡി എഫും, പള്ളിവാസൽ പഞ്ചായത്ത് യു ഡി എഫും നേടി.