vadakara-block

കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ അട്ടിമറി. ഭരണം യുഡിഎഫിന് ലഭിച്ചു. തിരുവമ്പാടി പഞ്ചായത്തില്‍ വിമതനെ യുഡിഎഫ് പ്രസിഡന്‍റാക്കി. കണ്ണൂരില്‍ എല്‍ഡിഎഫിന്‍റെ കുത്തക മണ്ഡലമായ മുണ്ടേരി പഞ്ചായത്തിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. വയനാട് മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായതോടെ ഭരണം യുഡിഎഫിന് ലഭിച്ചു. പാലക്കാട് അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗത്തിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തിലേറി.  

ഏഴ് വീതം സീറ്റുകളായിരുന്നു വടകര ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും. നറുക്കെടുപ്പ് വേണ്ട സാഹചര്യത്തിലാണ് യുഡിഎഫിന് ഒരു വോട്ട് അധികം ലഭിച്ചത്. ആര്‍ജെഡിയാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് എന്നാണ് സംശയം. കോട്ടയില്‍ രാധാകൃഷ്ണനാണ് പ്രസിഡന്‍റ്.

വിമതന്‍ ജിതിന്‍ പല്ലാട്ടിനെ മൂന്ന് വര്‍ഷം പ്രസി‍ഡന്‍റാക്കിയാണ് തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചത്. കോഴിക്കോട് ജില്ലാപഞ്ചായത്തിന്‍റെ ചരിത്രത്തിലാദ്യമായി യുഡിഎഫ് ഭരണത്തിലേറി. 

കണ്ണൂരില്‍ എല്‍‍ഡിഎഫിന്‍റെ കുത്തക പഞ്ചായത്തും സിപിഎം ജില്ലാസെക്രട്ടറി കെ.കെ. രാഗേഷിന്‍റെ പഞ്ചായത്തുമായ മുണ്ടേരിയില്‍ ഭരണം യുഡിഎഫിനാണ്. സീറ്റുനില തുല്യനിലയായതോടെ നറുക്കെടുക്കുകയായിരുന്നു. വയനാട് മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായി. സീറ്റ് നില തുല്യനിലയായ സാഹചര്യത്തിലാണ് നറുക്കെടുത്തത്. പത്ത് വീതം സീറ്റുകളുണ്ടായിരുന്ന പൂതാടി പഞ്ചായത്തില്‍ യുഡിഎഫ് അംഗത്തിന്‍റെ ഒരു വോട്ട് അസാധുവായതോടെ  എല്‍ഡിഎഫ് ഭരണം പിടിച്ചു . വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ച മലപ്പുറം തിരുവാലി പഞ്ചായത്തില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. മുസ് ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ എത്താത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. കോറം തികയാത്തതതിനാല്‍ കാസര്‍കോട്  പല്ലൂര്‍– പെരിയ പഞ്ചായത്തിലെ വോട്ടടുപ്പും മാറ്റി. 

ENGLISH SUMMARY:

Kerala Local Body Election Results highlight significant shifts in power. The UDF has secured victories in key panchayats, while the LDF has faced setbacks, marking a notable change in the political landscape.