എന്‍.സുബ്രഹ്മണ്യന്‍റെ കസ്റ്റഡിയോടെ ബിജെപി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍റെ സമൂഹമാധ്യമ പോസ്റ്റും ചര്‍ച്ചയാകുന്നു. സുബ്രഹ്മണ്യന്‍ പോസറ്റ് ചെയ്ത അതേ ചിത്രം ഒരു മാസം മുന്‍പ് സമൂഹമാധ്യമത്തിലിട്ട രാജീവ് ചന്ദ്രശേഖറിനെതിരെ കേസില്ല. പോറ്റിക്കൊപ്പം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ദുരൂഹത ചൂണ്ടിക്കാട്ടി ആര്‍എസ്പി രംഗത്ത്. കടകംപള്ളി സുരേന്ദ്രനും പോറ്റിയും തമ്മിലുള്ള ബന്ധത്തിലും വ്യക്തത വേണമെന്ന് ഷിബു ബേബി ജോണ്‍.
നവംബര്‍ 29നാണ് രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ ഈ ചിത്രമിട്ടത്. തുടക്കംമുതല്‍ ഞങ്ങള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ശരിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതേ ചിത്രമാണ് രണ്ട് ദിവസം മുന്‍പ് എന്‍.സുബ്രഹ്മണ്യനും ഫെയ്സ് ബുക്കിലിട്ടത്. ഇന്നലെ സ്വമേധയാ കേസെടുത്ത പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു. രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു നടപടിയുമില്ല.
പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ കാരണം എന്തായിരിക്കും എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുമുള്ള ചിത്രം എൻ.സുബ്രഹ്മണ്യൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഈ ചിത്രം എ ഐ പ്രകാരം നിർമ്മിച്ചതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുബ്രഹ്മണ്യന് എതിരെ ബിഎൻഎസ് 192, കേരള പൊലീസ് ആക്റ്റ് 120(o) എന്നീ വകുപ്പുകൾ ചുമത്തി ചേവായൂർ പൊലീസ് കേസ് എടുത്തത് അതിനിടെയാണ് ഇന്ന് രാവിലെ 8 മണിയോടെ സുബ്രഹ്മണ്യന്റെ ചെത്തു കടവിലെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നോട്ടീസ് നൽകി വിട്ടയച്ചത്.സുബ്രഹ്മണ്യന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രങ്ങൾ പോസ്റ്റു ചെയ്തത് സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണെന്നാണ് സുബ്രഹ്മണ്യൻ പൊലീസിന് നൽകിയ മൊഴി