കൊച്ചി മേയർ പദവി കൈവിട്ടതിൽ കലാപക്കൊടി ഉയർത്തിയ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ അനുനയിപ്പിക്കാൻ നേതൃത്വം ചർച്ച നടത്തും. ദീപ്‌തിക്ക് കൊച്ചി മെട്രോപൊളിറ്റൻ ആസൂത്രണ സമിതി  അധ്യക്ഷ പദവി നൽകും. നിയമസഭയിലേയ്ക്ക് മൽസരിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

മേയർ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ ദീപ്തി കെപിസിസിക്ക് നൽകിയ പരാതിയിൽ കാര്യമായ നടപടിയുണ്ടാകാനിടയില്ല. 

ദീപ്‌തിയെ പിന്തുണച്ച് അജയ് തറയിലും മാത്യു കുഴൽനാടനും അടക്കം നേതാക്കൾ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. ഡപ്യൂട്ടി മേയർ പദവി നൽകാത്തതിൽ ഉടക്കി നിൽക്കുന്ന മുസ്‌ലിം ലീഗുമായും അനുരഞ്ജന ചർച്ച കോൺഗ്രസ് നേതൃത്വം നടത്തും. ലീഗ് ജില്ലാ നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസുമായി സഹകരിക്കരുത് എന്നതടക്കം ആവശ്യങ്ങൾ ലീഗിനകത്ത് ഉയരുന്നുണ്ട്. 

കൊച്ചിയില്‍ മേയര്‍ പദവി പങ്കിടാനാണ് ധാരണയായത്.  വി.കെ.മിനിമോള്‍ ആദ്യ രണ്ടര വര്‍ഷവും പിന്നീട് ഷൈനി മാത്യുവും മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതം വയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ENGLISH SUMMARY:

Kochi Mayor Election Controversy: The K.P.C.C. is in talks to placate Deepthi Mary Varghese after she raised a flag of rebellion, and the leadership will negotiate. She may be appointed chairperson of the Kochi Metropolitan Planning Committee and may be considered for the Legislative Assembly.