തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ പരിശോധന നടത്തുമെന്നും തിരുത്തല്‍ വരുത്തുമെന്നും പറഞ്ഞ മുഖ്യമന്ത്രി ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. ശബരിമല പ്രശ്നം പ്രതിഫലിച്ചിരുന്നെങ്കില്‍ പന്തളത്ത് എല്‍ഡിഎഫ് വിജയിക്കുമായിരുന്നില്ല. വര്‍ഗീതയെയും ബിജെപിയും പ്രതിരോധിക്കാന്‍ സാധിച്ചത് എല്‍ഡിഎഫിന് മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ അന്വേഷണം ശരിയായ രീതിയിലായിരുന്നു. ശബരിമല വിഷയം പത്തനംതിട്ടയിൽ ബാധിക്കേണ്ടിയിരുന്നില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. പന്തളം ബിജെപിക്ക് നഷ്ടപ്പെട്ടു. കൊടുങ്ങല്ലൂർ ബിജെപി വിജയത്തിന് അടുത്തെത്തിയതാണ്. അവിടെ എല്‍ഡിഎഫ് അവിടെ മുന്നേറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഉദാഹരണങ്ങള്‍ നിരത്തി ശബരിമല പ്രശ്നം എല്‍ഡിഎഫിനെ ബാധിച്ചില്ലെന്ന് വിശീകരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം.
ഇതാണ് സംസ്ഥാനത്തെ പൊതു സ്ഥിതിയെങ്കിലും തിരുവനന്തപുരത്തേത് ഒരു പ്രത്യേക സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12 സീറ്റിൽ 60 വോട്ടിൽ താഴെ വോട്ടിന് എല്‍ഡിഎഫ് തോറ്റു. 26 വാർഡിൽ യുഡിഎഫ് 1000 വോട്ടില്‍ താഴെ പോയി. യുഡിഎഫ് ജയിച്ചിടത്ത് ബിജെപി വോട്ട് താണു. താൽക്കാലിക നേട്ടത്തിനായി പരസ്പര സഹകരണ മുന്നണിയായി. തിരുവനന്തപുരത്ത് കോർപ്പറേഷനിൽ ഏറ്റവും വോട്ട് നേടിയത് എല്‍ഡിഎഫാണെന്നും വർഗീയതയെ പ്രതിരോധിക്കാനായത് എല്‍ഡിഎഫിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ അസ്വഭാവിതയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വര്‍ഗീയ ചുവയുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്ന് വെള്ളാപള്ളി തന്നെ പറഞ്ഞു. സംസാരിച്ചു കഴിഞ്ഞപ്പോള്‍ കാറില്‍ കൂടെ കയറ്റി എന്നേയുള്ളൂ. അതില്‍ അസ്വഭാവികതയില്ല. മറ്റൊരാളാണെങ്കിലും അതുതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പോറ്റിയും ഗോവര്‍ധനും സോണിയാ ഗാന്ധിയെ കണ്ട ചിത്രം മുഖ്യമന്ത്രി ആയുധമാക്കി. തന്ത്രപ്രധാന സുരക്ഷയുള്ള ആളാണ് സോണിയ ഗാന്ധി. പണ്ട് കെ. കരുണാകരന് പോലും സോണിയ ഗാന്ധിയുടെ അപ്പോയന്‍റ്മെന്‍റ് കിട്ടിയിട്ടില്ല. ഗോവര്‍ധന്‍ സോണിയയ്ക്ക് ഉപഹാരം നല്‍കി. ആന്‍റോ ആന്‍റണിയും അടൂര്‍ പ്രകാശും പോറ്റിക്കൊപ്പമുണ്ടായെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. പോറ്റിയെ കയറ്റിയേ ... എന്ന പാട്ടിനെതിരെ കേസെടുത്തത് സർക്കാർ നിലപാടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാര്‍ നയത്തിന് അനുസരിച്ചാണ് കേസ് ഒഴിവാക്കിയതെന്നും വ്യക്തമാക്കി.
എവിടെ തട്ടിപ്പ് നടന്നാലും ശക്തമായി തടയുക എന്നതാണ് നിലപാട്. പ്രത്യേക അന്വേഷണ സംഘം വന്നു. എന്നിട്ടും യുഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം കൃത്യമായി നടക്കുന്നു വെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.