എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്‍റെ കാറിൽ കയറിയത് മഹാ അപരാധമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും, അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി ന്യൂനപക്ഷ വിരുദ്ധനല്ല. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. ലീഗിനെതിരെയാണ് പരാമര്‍ശമെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം കാറില്‍ കയറിയതില്‍ അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തെയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങളെ സംഘപരിവാര്‍ കടന്നാക്രമിക്കുകയാണ്. കാരള്‍ സംഘങ്ങളെ അപമാനിച്ച് സംസാരിക്കുന്നു. ആക്രമണം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ ന്യായീകരിക്കുകയാണ് ബിജെപി നേതാക്കള്‍. ഇത്തരം ശക്തികള്‍ തലപൊക്കുന്നത് ഗൗരവതരമാണെന്നും ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കേക്കുമായി പോയവരാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബൈബിള്‍ വാക്യം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്.
കൊല്ലപ്പെട്ട റാം നാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം വീതം ഭാര്യയ്ക്കും അമ്മയ്ക്കും 20 ലക്ഷം മക്കള്‍ക്കും നല്‍കും.