തിരുവനന്തപുരം മേയര്‍, തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളിലെ അധ്യക്ഷന്മാര്‍ എന്നിവര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ ബി.ജെ.പി ജനപ്രതിനിധികളുടെ യോഗം ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ മനസറിയാനാണ് യോഗം. അതത് ജില്ലാ പ്രസിഡന്‍റ്, ജില്ലാ പ്രഭാരി എന്നിവര്‍ക്ക് പുറമെ കോര്‍കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായവും സ്വീകരിക്കും. 

തിരുവനന്തപുരത്ത് തിരഞ്ഞെടുക്കപ്പെട്ട  ബി.ജെ.പി കൗണ്‍സിലര്‍മാരുടെ യോഗം സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനിലും തൃപ്പൂണിത്തുറ, പാലക്കാട് എന്നിവടങ്ങളിലെ പ്രതിനിധികളുടെ യോഗം അതാത് ജില്ലാ ഓഫിസുകളിലുമാണ്. ജില്ലാ പ്രസിഡന്‍റ് , ജില്ലയുടെ ചുമതലയുള്ളയാള്‍, കോകമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധി എന്നിവര്‍ കൗണ്‍സിര്‍മാരെ വെവ്വേറെ കാണും. തിരുവനന്തപുരം മേയര്‍ , തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളിലെ അധ്യക്ഷന്മാര്‍ എന്നിവര്‍ ആരാകണമെന്നതില്‍ അതത് കൗണ്‍സിലര്‍മാരുടെ അഭിപ്രായം സ്വരൂപിക്കും. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നതോടെ പ്രഖ്യാപനമാകും. മറ്റെന്നാളാണ് കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ്.

തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ എന്നിവരാണ് പരിഗണനയില്‍. തൃപ്പൂണിത്തുറ നഗരസഭയില്‍ പി.എല്‍ ബാബു, രാധികാ വര്‍മ എന്നിവരും പാലക്കാട് സംസ്ഥാന ട്രഷറര്‍ ഇ. കൃഷ്ണദാസ്, പി. സ്മിതേഷും എന്നിവരുമാണ് പരിഗണനയില്‍. തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയര്‍സ്ഥാനവും തൃപ്പൂണിത്തുറയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും വനിതകള്‍ക്കാണ്. അതുകൊണ്ടുതന്നെ രണ്ടിടത്തും പ്രധാന രണ്ടുസ്ഥാനങ്ങളിലും വനിതകളെ നിയോഗിക്കാന്‍ സാധ്യതയില്ല.

ENGLISH SUMMARY:

Mayor election analysis: BJP councilors will meet today to decide on the Mayors of Thiruvananthapuram, Tripunithura, and Palakkad municipalities. The meeting aims to understand the preferences of the elected councilors and involve district presidents and core committee members.