മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്.
ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബൽപൂരിൽ ബിജെപി വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയാണ് യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ചത്. അസഭ്യം പറഞ്ഞ് യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിക്കുകയും ചെയ്തു. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്.
ഡൽഹി ബദർപൂരിന് സമീപം സാന്റാ തൊപ്പി വെച്ച സ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ഒരുക്കിയ ക്രിസ്മസ് വിരുന്ന് തടയുകയും കുട്ടികളോട് അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു.