പാലക്കാട് പുതുശേരിയില്‍ കാരള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സംഘത്തെ അപമാനിച്ച് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍. കാരള്‍ സംഘത്തിലെ കുട്ടികള്‍ മദ്യപിച്ചിരുന്നെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. എന്നാല്‍ ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്ന വിശദീകരണമായി. അറസ്റ്റിലായ അശ്വിൻരാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം, ആക്രമിക്കപ്പെട്ടത് മാന്യമല്ലാതെ നടത്തിയ കാരളെന്നും ആക്രമിച്ചവരില്‍ ബി.ജെ.പിക്കാരില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പ്രതികരിച്ചു. മാന്യമല്ലാത്ത രീതിയിൽ കാരൾ നടത്തിയാൽ അടി കിട്ടുമെന്നും പറഞ്ഞ ഷോഃണ്‍ ജോര്‍ജ് ക്രിസ്മസ് ദിനത്തിൽ ഉത്തര്‍പ്രദേശിൽ അവധി ഒഴിവാക്കിയത് ഗുഡ് ഗവേണൻസ് ഡേയുടെ ഭാഗമായാണെന്നും പറഞ്ഞു.
ഇന്നലെ രാത്രിയാണ് പുതുശേരിയില്‍ കാരള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പുതുശേരി സ്വദേശി അശ്വിന്‍ രാജിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാരളിന് ഉപയോഗിച്ചിരുന്ന ബാന്റില്‍ സി.പി.എം എന്ന് എഴുതിയത് ചോദ്യം ചെയ്തായിരുന്നു സംഘത്തിന് നേരെ അശ്വിന്‍റെ ആക്രമണം. ആക്രമണത്തില്‍ പ്രതിഷേധ കാരളൊരുക്കി ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.