ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
സന്തോഷ് ട്രോഫി ഫൈനലില്‍, സര്‍വീസസിനെതിരെ എസ്ട്രാ ടൈമില്‍ വഴങ്ങിയ ഗോളില്‍ കിരീടം കൈവിട്ട് കേരളം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായിരുന്ന മല്‍സരത്തില്‍, 109–ാം മിനിറ്റില്‍ അഭിഷേക് പവാറാണ് സര്‍വീസസിന്റെ ഗോള്‍ നേടിയത്. ഒന്‍പതാം തവണയാണ് കേരളം ഫൈനലില്‍ തോല്‍ക്കുന്നത്. സര്‍വീസസിന്റെ എട്ടാം കിരീടമാണ്.
ആദ്യപകുതിയില്‍ ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ ആയില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലും മാറ്റങ്ങളില്ലാതെയാണ് കേരളം ഇറങ്ങിയത്. 54–ാം മിനിറ്റിൽ കേരളം, ഷിജിനു പകരം വിഘ്നേഷിനെ കളത്തിലിറക്കി. 80–ാം മിനിറ്റിൽ അജ്സാലിനു ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. കളി ഇൻഞ്ചറി ടൈമിലേക്ക്, പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാൻ ഇറങ്ങി. എന്നാൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇഞ്ചറി ടൈമിലും വിജയിച്ചില്ല.
നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടനാകാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. 109–ാം മിനിറ്റിൽ അഭിഷേക് പവാറിന്റെ ഉജ്ജ്വല ഗോളിലൂടെയാണ് സര്‍വീസസ് എട്ടാം കിരീടം സ്വന്തമാക്കിയത്.