ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണരുമായി സര്‍വ്വത്ര സമവായത്തിന് സര്‍ക്കാര്‍. സ്ഥിരം വിസിമാരില്ലാത്ത സര്‍വകലാശാലകളില്‍ നിയമന നടപടികള്‍ തുടങ്ങാന്‍ ധാരണ. സമവായമായെന്ന് അറിയിച്ചതിനെതുടര്‍ന്ന് നിയമനങ്ങള്‍ മെറിറ്റടിസ്ഥാനത്തിലാകണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. വിസി നിയമനത്തെ കുറിച്ച് സിപിഎമ്മില്‍ ഒരു ഭിന്നതയുമില്ലെന്ന വാദവുമായി എല്‍.ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ രംഗത്തെത്തി.
കെടിയു വിസി സ്ഥാനങ്ങള്‍ ഗവര്‍ണരുടെയും മുഖ്യമന്ത്രിയുടെയും നോമിനികള്‍ക്ക് വീതം വെച്ചതിന് പിറകെ പോരു നിറുത്തി യോജിപ്പിലെത്തിയെന്ന് ഇരുകൂട്ടരും സുപ്രീം കോടതിയെ അറിയിച്ചു. സന്തോഷമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഒരു കാപ്പികുടിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കൂ എന്ന് പറഞ്ഞ കോടതി നിയമനം മെറിറ്റിനെ അടിസ്ഥാനമാക്കിയാകണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി–ഗവര്‍ണര്‍ ധാരണപ്രകാരം മറ്റ് സര്‍വകലാശാലകളിലെ വിസി നിയമന നടപടികള്‍ തുടങ്ങി. കാലിക്കറ്റ് വിസി നിയമന സെര്‍ച്ച് കമ്മറ്റിയിലെ പ്രതിനിധിയെ ഇന്ന് സര്‍വകലാശാല നല്‍കും. ലോക്ഭവന്‍ നിയമിക്കുന്ന വിസിമാരുമായി സര്‍ക്കാര്‍ സഹകരിക്കും. ഡോ.സിസ തോമസ് ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെ കണ്ടതിന് പിറകെ കേരള വിസി ഡോ. മോഹനന്‍ കുന്നുമ്മലിനോട് മന്ത്രിയെ കാണാന്‍ ലോക്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമവായത്തിനെതിരെ വിമര്‍ശനം കടുക്കുന്നതിനിടെ എല്‍.ഡി .എഫ് കണ്‍വീനര്‍ വിശദീകരണവുമായെത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണരുടെ ഇടപെടലിനെ നിരന്തരമായി എതിര്‍ക്കുകയും അതിനൊപ്പം ഗവര്‍ണരെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ നിയമം പാസാക്കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ പൊടുന്നനെ എല്ലാക്കാര്യത്തിലും ഗവര്‍ണരുമായി യോജിച്ചതോടെ ഇടത് വിദ്യാര്‍ഥി, യുവജന സംഘടനകളും സര്‍വീസ് സംഘടനകളും ഇനി ആരോട് സമരം ചെയ്യുമെന്ന അങ്കലാപ്പിലാണ്.