Kerala Government Secretariat Clock Tower Secretariat Tower Clock Thiruvananthapuram 2025 Photo by : J Suresh
സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി, നികുതിയേതര വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകുന്നില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ബജറ്റില്‍ കണക്ക് കൂട്ടിയതിനേക്കാള്‍ 18500 കോടി കുറവ് വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിനുണ്ടായത്. വളര്‍ച്ചാ നിരക്കിലും നേരിയ കുറവ് രേഖപ്പെടുത്തി. കാര്‍ഷിക, വ്യവസായ, സേവന മേഖലകളില്‍ മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തി. പ്രതിശീര്‍ഷ വരുമാനത്തിലും വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാനത്തിന്‍റെ ആകെ തനത് വരുമാനം 2.7 ശതമാനം വര്‍ധിച്ചുവെന്നും, നികുതി വരുമാനത്തില്‍ 3.1 ശതമാനവും നികുതിയേതര വരുമനത്തില്‍ ഒരുശതമാനവും വര്‍ധനയുണ്ടായെന്നുമാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച വരുമാന ലക്ഷ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വളര്‍ച്ച നാമമാത്രമാണ്. 2024-25 വര്‍ഷത്തേക്ക് ബജറ്റില്‍ ലക്ഷ്യമിട്ട നികുതി വരുമാനം 92,945 കോടി രൂപയാണ്. കിട്ടിയതാകട്ടെ 76,642 കോടി. 16,303 കോടിയുടെ കുറവ്. നികുതിയേതര വരുമാനമായി 18700 കോടി പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് 16486. 62 കോടി. 2,214 കോടിയുടെ കുറവ്. വരുമാനത്തില്‍ ആകെ 18517 കോടിയുടെ കുറവ്. സംസ്ഥാനത്തിന്‍റെ നികുതി പിരിവ് കാര്യക്ഷമമല്ലെന്ന പ്രതിപക്ഷ വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നതാണ് ഈ കണക്ക്.
സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉദ്പാദന വളര്‍ച്ചയില്‍ നേരിയ കുറവുണ്ടായി. സ്ഥിരവിലയില്‍ 6.19 ശതമാനമാണ് വളര്‍ച്ച. 2023-24ല്‍ ഇത് 6.73 ശതമാനമായിരുന്നു. നടപ്പ് വിലയിലേക്ക് മാറ്റുമ്പോള്‍ വളര്‍ച്ച 9.3 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷിക മേഖല 0.24 ശതമാനത്തില്‍ നിന്നും 2.36 ശതമാനമായും വ്യവസായ, ഉദ്പാദന മേഖല–3.8 ശതമാനത്തില്‍ നിന്ന് 7.87 ശതമാനമായും സേവന മേഖല–8.4 ശതമാനത്തില്‍ നിന്ന് 8.9 ശതമായും വളര്‍ച്ച രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷം 1.79 ലക്ഷമായിരുന്ന പ്രതിശീര്‍ഷ വരുമാനമെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.90 ലക്ഷമായി വര്‍ധിച്ചതും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചകമാണ്.