കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നടത്തുന്ന പ്രതികരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. രണ്ടില കൊഴിയുകയും കരിയുകയും ചെയ്യുമ്പോള്‍ വെളളം ഒഴിച്ചുകൊടുക്കുന്ന ജോലി യുഡിഎഫ് ഏറ്റെടുക്കേണ്ടതില്ല. ജോസ് കെ മാണിയുടെ പുറകെ നടന്ന് വരുന്നുണ്ടോ വരുന്നുണ്ടോയെന്ന് ചോദിക്കേണ്ട എന്താവശ്യമാണ് യുഡിഎഫിനുളളതെന്ന് മോന്‍സ് ജോസഫ് ചോദിക്കുന്നു. യുഡിഎഫിലേക്ക് വരണമെങ്കില്‍ ജോസ് കെ മാണി നിലപാട് വ്യക്തമാക്കട്ടെ. അവര്‍ പൊളിഞ്ഞ് പാളീസായി നില്‍ക്കുമ്പോള്‍ യുഡിഎഫ് നേതാക്കന്മാര്‍ ആത്മസംയമനം പാലിക്കണമെന്നും മാര്‍ക്കറ്റ് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
ജോസ്.കെ.മാണിയുടെ യുഡിഎഫ് പ്രവേശവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും വന്നിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രസക്തിയില്ലെന്നും പറഞ്ഞു. 'ഞങ്ങളാരും ജോസ് കെ മാണി വരുന്നതിന് എതിരല്ല. ഇപ്പോള്‍ യുഡിഎഫിന് അതിന്‍റെ ആവശ്യമില്ല. അതുകൊണ്ട് അക്കാര്യം പറഞ്ഞ് പൊല്ലാപ്പുണ്ടാക്കേണ്ട കാര്യമില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ശക്തിപ്പെടുത്തേണ്ടതിന്‍റെ ഭാഗമായി വിവിധ കക്ഷികള്‍ വരുകയെന്നുളള താല്‍പര്യത്തിന്‍റെ ഭാഗമായി പറയുന്നതായിരിക്കാം. പക്ഷേ ഇപ്പോള്‍ യുഡിഎഫിന്‍റെ ശക്തിയെക്കുറിച്ച് യുഡിഎഫ് തിരിച്ചറിയേണ്ടതുണ്ട്. നമുക്ക് എന്തോ ദൗര്‍ബല്യം ഉളളതുകൊണ്ട് വേറാരെങ്കിലും ഇങ്ങ് വന്നാലേ ഭരണത്തില്‍ വരികയുളളു എന്ന തെറ്റിധാരണയുടെ ആവശ്യമില്ലെന്നും മോന്‍സ് ജോസഫ് നിലപാട് വ്യക്തമാക്കി. 'ജോസ് കെ മാണി വിഭാഗം പറയുന്നു ഞങ്ങള്‍ക്ക് ഏതാണ്ട് ശക്തിയുളളതുകൊണ്ടാണല്ലോ. ഞങ്ങളുടെ പുറകെ നടക്കുന്നതെന്ന്. ദയവു ചെയ്ത് കോണ്‍ഗ്രസ് നേതൃത്വം പോകരുത്. ജോസ് കെ മാണി വിഭാഗത്തിന് ശക്തിയില്ല. പാര്‍ട്ടിയെന്ന നിലയില്‍ പൊളിഞ്ഞ് പാളീസാ'യെന്നും മോന്‍സ് പറഞ്ഞു.
ജോസ്.കെ.മാണിയെ കൂടി ഉള്‍പ്പെടുത്തിയുള്ള മുന്നണി വിപുലീകരണ നീക്കങ്ങളെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ തള്ളിയിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നുവെന്നും സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്നവര്‍ മുന്നണിയിലെത്തുന്നത് യുഡിഎഫിനെ കളങ്കപ്പെടുത്തുമെന്നും പി.ജെ.ജോസഫ് തുറന്നടിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം തുടരണമെങ്കില്‍ മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തണമെന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. സമാനചിന്താഗതിക്കാര്‍ മുന്നണിയിലെത്തുന്നത് ഗുണം ചെയ്യുമെന്നും സിപിഐയെ കൂടി ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ലെന്നും വരെ ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫില്‍ മുന്നണി വിപുലീകരണം ഉണ്ടായേക്കുമെന്നുള്ള സൂചനകള്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വി.ഡി.സതീശനും നല്‍കിയിരുന്നു.