തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവധി മാനിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഓരോ പാര്‍ട്ടികളും വിലയിരുത്തലുകള്‍ വൈകാതെ പൂര്‍ത്തിയാക്കുമെന്നും ശേഷം എല്‍ഡിഎഫ് ചേര്‍ന്ന് അത് വിലയിരുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്‍റെ പൊതു വികസനങ്ങളിലും ജനക്ഷേമ നടപടികളിലും അനിതര സാധാരണമായ നിലയില്‍ പ്രവർത്തിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനും ജനങ്ങളുടെ ഭാവിയെ മുൻനിർത്തിക്കൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്'. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടായപ്പോള്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം മുന്നണി ആഴത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജനവിധി മാനിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി മുന്നോട്ട് പോകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
ഒരുതരത്തിലുമുള്ള അവസരവാദപരമായ നിലപാടും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് അടിസ്ഥാനമായ നിയമത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ 22–ാം തീയതി എല്ലാ ജില്ലകളിലെയും കേന്ദ്ര ഗവണ്‍മെന്‍റ് ഓഫിസുകള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് സമരം സംഘടിപ്പിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.