Source : SANSAD TV
ഗാന്ധിജിയുടെ പേരുവെട്ടിക്കൊണ്ടുള്ള തൊഴിലുറപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കൃഷിമന്ത്രി ശിവരാജ് സിങ്. മഹാത്മഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബി–ജി റാം ജി എന്നാക്കി മാറ്റാനുള്ള ബില്‍ ആണ് അവതരിപ്പിച്ചത്. പിന്നാലെ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. ഗാന്ധി ചിത്രം ഉയര്‍ത്തി പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ചിത്രം താഴ്ത്തിപ്പിടിക്കാന്‍ സ്പീക്കറുടെ നിര്‍ദേശിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതേസമയം, മഹാത്മാഗാന്ധി ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. ഗാന്ധി എന്‍റെ കുടുംബത്തിന്‍റേതല്ലെന്നും ഗാന്ധിജി രാഷ്ട്രത്തിന്‍റേതാണെന്നും പ്രിയങ്ക ഗാന്ധി സഭയില്‍ പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയെ പൂര്‍ണമായും ഒഴിവാക്കി ‘വികസിത് ഭാരത് ഗാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍’ എന്നാക്കി മാറ്റാനാണ് പുതിയ ബില്‍. ഇതനുസരിച്ച് വേതനം മുഴുവന്‍ കേന്ദ്രം നല്‍കിയിരുന്ന തൊഴിലുറപ്പ് പദ്ധതി റദ്ദാകും. പുതിയ ബില്‍ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്‍റെ 40 ശതമാനം ഇനി സംസ്ഥാനം വഹിക്കേണ്ടി വരും. പുതിയ കരട് അനുസരിച്ച് കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 125 ദിവസമാകും. അധികച്ചെലവ് അതത് സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിയും വരും. സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ് ബില്ലിലെ ഉള്ളടക്കം.
ആവശ്യാധിഷ്ഠിത (demand-driven) പദ്ധതിയിൽ നിന്നും വിഹിതം അടിസ്ഥാനമാക്കിയ പദ്ധതിയായി (allocation-based) തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ട. തൊഴിൽരഹിതർ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലായിരുന്നു നിലവിലുള്ള പദ്ധതിയുടെ ഘടന. അതിൽനിന്നും, ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം യൂണിയൻ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്. നിലവിൽ പദ്ധതിയിലെ വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയൻ സര്‍ക്കാര്‍ വഹിക്കുന്ന നിലയും ഭൗതിക ഘടകത്തിന്റെ ചെലവുകൾ 75:25 എന്ന അനുപാതത്തിൽ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരു പങ്കിടുന്ന നിലയും ആയിരുന്നു. ഈ രണ്ട് ഘടകങ്ങളും 60:40 എന്ന അനുപാതത്തില്‍ യൂണിയൻ സർക്കാരും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ വ്യവസ്ഥ.
ബില്‍ പിന്‍വലിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്. പേരുമാറ്റത്തിന് പിന്നില്‍ ആര്‍എസ്എസിന്‍റെ ഹീന അജണ്ടയാണുള്ളതെന്നും അധികാരത്തിൽ വന്നതു മുതലുള്ള മോദി സർക്കാരിൻറെ ലക്ഷ്യമാണ് തൊഴിലുറപ്പ് പദ്ധതി തകർക്കലെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാനുള്ള നീക്കം തൊഴിലുറപ്പിന്‍റെ ചരമക്കുറിപ്പാണെന്ന് മന്ത്രി എം.ബി.രാജേഷും പ്രതികരിച്ചിരുന്നു. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.