മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ഒറ്റയാൾ പട്ടാളമായെന്ന് സിപിഐയിൽ വിമർശനം. മുന്നണിയിലോ പാർട്ടിയിലോ കൂട്ടായ ചർച്ച നടക്കുന്നില്ല. വ്യക്തികൾ മാത്രം കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ തിരുത്തപ്പെടുന്നില്ലെന്നും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തദ്ദേശതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്നു വന്ന വികാരം. സർക്കാർ വിരുദ്ധവികാരം ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. സർക്കാരിന്‍റെ മുൻഗണനയിൽ ഇപ്പോഴും പാളിച്ചകളുണ്ട്. അത് തിരുത്താൻ സിപിഎമ്മുമായി ചർച്ച നടത്തണമെന്നും സിപിഐ നേതൃയോഗത്തിൽ ആവശ്യമുയര്‍ന്നു.
എന്നാല്‍ ഭരണവിരുദ്ധവികാരമില്ലെന്നും ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാട്ടില്ലെന്നാണ് സിപിഎം വിശദീകരണം. പരായജത്തിന്‍റെ കാരണം ആഴത്തില്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്തുമെന്നും മധ്യകേരളത്തിലും മലപ്പുറത്തും കൊല്ലത്തുമുണ്ടായ തിരിച്ചടി പ്രത്യേക വിലയിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയുണ്ടാക്കിയെന്ന വാദവും സിപിഎം അംഗീകരിക്കുന്നില്ല. ശബരിമല തിരിച്ചടിയായിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും നേട്ടമുണ്ടാകുമായിരുന്നു എന്നാണ് സിപിഎം വാദം. കൊടുങ്ങല്ലൂരൂം പന്തളവും ഉള്‍പ്പടെയുള്ള ക്ഷേത്രനഗരങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല എന്നതാണ് ന്യായീകരണമായി സിപിഎം പറയുന്നത്.