Untitled design - 1

നമുക്ക് മുന്നേ പോയവര്‍ തോല്‍വിയില്‍ നിരാശപ്പെട്ടിരുന്നുവെങ്കില്‍, ഇന്ന് തോല്‍ക്കുവാന്‍ പോലും നമ്മളുണ്ടാവുമായിരുന്നില്ലെന്ന് ബാലുശേരി എംല്‍എ സച്ചിന്‍ ദേവ്. സച്ചിന്‍ ദേവിന്‍റെ ഭാര്യ ആര്യ രാജേന്ദ്രന്‍ മേയറായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് സിപിഎമ്മിനും എല്‍ഡിഎഫിനും ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. മുന്‍ മേയര്‍ ആര്യയുടെ 5 വര്‍ഷത്തെ ഭരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ബിജെപി 50ല്‍ അധികം സീറ്റുകള്‍ പിടിക്കുകയായിരുന്നു. ഭരണം ബിജെപിയുടെ കൈകളിലേക്ക് പോകുന്ന അവസ്ഥയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത്. 

തന്നിലുള്ള കഴിവ് തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞു പോയതെന്നാണ് തിരുവനന്തരപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ  കോര്‍പറേഷന്‍ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞത്. അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായത്. 

'എന്നിലെന്ത് കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞ് പോയ 5 വർഷം. സംഘടനാ രം​ഗത്തെ അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ന​ഗരത്തിന്റെ ചുമതല, വെറും 21 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായ എന്നെ പാർട്ടി എന്നെ ഏല്പിച്ചത്. ക്രൈസിസ് വരുമ്പോൾ എങ്ങനെ അതിനോട് പോരാടാം എന്ന് പഠിച്ചത് മേയർ ആയിരുന്ന കാലത്താണ്. എത്ര വേട്ടയാടപ്പെടേണ്ടി വന്നാലും എന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഞാൻ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയെന്ന നിലയിൽ നിങ്ങളുടെ സ്നേഹം എനിക്ക് നൽകിയിട്ടുണ്ട്'. - ആര്യ അവസാന കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞു.

എന്നാൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ആര്യരാജേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വലി സൈബർ ആക്രമണമാണ് നടക്കുന്നത്. 'അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോ അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന് വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു അഭിപ്രായപ്പെട്ടിരുന്നു. ആര്യരാജേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ വ്യാപക വിമര്‍ശനമാണ് കമന്‍റുകളായി വരുന്നത്. ബിജെപിയുടെ ഐശ്വര്യം നിങ്ങളാണ്, തോല്‍പ്പിച്ചതിന് നന്ദിയെന്നും ഇനിയെങ്കിലും ഫെയ്സ്ബുക്കില്‍ നിന്ന് ‘മേയര്‍’ പട്ടം മാറ്റണമെന്നും കമന്‍റുകളുണ്ട്.

ENGLISH SUMMARY:

Kerala politics faces a shift after the LDF's setback in the Thiruvananthapuram Corporation election. The BJP's significant gains and criticism of Arya Rajendran highlight changing political dynamics.