ശബരിമല യുവതീപ്രവേശത്തിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ നിര്‍ണായക നിലപാട് മാറ്റം സൂചന നല്‍കി സിപിഎം. മാറാത്തതായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികളുടെ താല്‍പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് പറഞ്ഞ അദ്ദേഹം കോടതി പറഞ്ഞപ്പോഴാണ് യുവതീ പ്രവേശം നടപ്പാക്കിയതെന്നും വിശദീകരിച്ചു. വിഷയതതില്‍ സമവായം വേണമെന്നായിരുന്നു എ.വിജയരാഘവന്‍റേയും പ്രതികരണം. വിശ്വാസികളുടെയും നിയമപരവുമായ താല്‍പ്പര്യങ്ങളും ശ്രദ്ധിക്കണം. സങ്കീര്‍ണമായ വിഷയമാണെന്നും എല്ലാവരെയും കേട്ട് പൊതു നിലപാട് എടുക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.
യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വാസികളുടെ കാര്യം സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് നോക്കട്ടെയെന്നുമായിരുന്നു ജി.സുകുമാരന്‍ നായരുടെ പ്രതികരണം. യുവതീപ്രവേശത്തില്‍ കേന്ദ്രം ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുകുമാരന്‍ നായര്‍ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണവും പുറത്തുവന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി നാളെയാണ് പരിഗണിക്കുക.
സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വരുക. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഹർജികളിൽ വാദം കേള്‍ക്കുമോ എന്നാണ് ആകാംക്ഷ. ശബരിമല കേസ് മാത്രമല്ല, മറ്റ് മതങ്ങളിലെ സ്ത്രീകളോടുള്ള വിവേചനപരമായ ആചാരങ്ങളും ഹര്‍ജികളായി കോടതിക്ക് മുന്‍പിലുണ്ട്. മുസ്‍ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയാണ് അവ.