രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലെ തുടര്‍ തോല്‍വികളില്‍ തകര്‍ന്നടിഞ്ഞ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് യു.ഡി.എഫിന് ഒരു അഗ്നി പരീക്ഷണം തന്നെയായിരുന്നു. ഇടതുസര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് പ്രതിപക്ഷത്തിന് ഇനി ധൈര്യമായി കുറ്റപ്പെടുത്താം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അനിതര സാധാരണമായ ഊര്‍ജം തന്നെയാണ് വി.ഡി.സതീശന്റെ വാക്കുകളില്‍ കണ്ടത്. 2010ല്‍ പോലും നേടാത്ത വിജയത്തിലേക്കാണ് യുഡിഎഫ് എത്തിയത്. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് എന്നതിനൊപ്പം ടീം യുഡിഎഫിന്റെ വിജയം എന്നുകൂടി വി.ഡി.സതീശന്‍ പറഞ്ഞുവയ്ക്കുന്നു.
വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ തീരുമാനമെടുത്തപ്പോഴുള്ള ഐക്യവും എപ്പോഴും കീറാമുട്ടിയാകാറുള്ള സ്ഥാനാര്‍ഥി നിര്‍ണയം,സീറ്റ് വിഭജനം എന്നിവയില്‍ യുഡിഎഫ് പുലര്‍ത്തിയ ജാഗ്രതയും വേഗവും തന്നെയാണ് ഇത്തവത്തെ ഹൈലൈറ്റ്.
പതിവിന് വിപരീതമായ നേതാക്കളുടെ കണ്ണുകളിലെ തിളക്കം തന്നെ ഈ വിജയം അവര്‍ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഘടകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയതും തിരഞ്ഞെടുപ്പിലെ വിജയത്തില്‍ നിര്‍ണായകമായി.