തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗത്തിനിടയിലും കൂടുതല്‍ തിളക്കത്തോടെ മുസ് ലീം ലീഗ്. മല്‍സരിച്ച ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയം ഉറപ്പിക്കാനായതാണ് ലീഗിനെ വ്യത്യസ്തമാക്കുന്നത്. പലയിടങ്ങളിലും പ്രതിപക്ഷം പോലുമില്ലാതെയാണ് മുസ് ലീം ലീഗ് നേതൃത്വം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളിലെ മുന്നേറ്റം.
സ്വാധീനമേഖലകളിലെല്ലാം ലീഗിന് നേടാനായത് സമഗ്ര ആധിപത്യമാണ്. ലീഗ് നയിക്കുന്ന മലപ്പുറം ജില്ല പഞ്ചായത്തില്‍ യുഡിഎഫിന് ഇപ്രാവശ്യം പ്രതിപക്ഷമേയില്ല. മല്‍സരിച്ച 33 ഡിവിഷനിലും വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥികള്‍. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 90 ഇടത്തും ഭരണം പിടിച്ചു. മലപ്പുറത്തെ നഗരസഭകളില്‍ 12ല്‍ 11ഉം യുഡിഎഫ് സ്വന്തമാക്കിയതും ലീഗിന്‍റെ ബലത്തിലാണ്. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ പതിനാലിടത്തും ഇടതുപക്ഷത്തെ തകര്‍ത്തു തരിപ്പണമാക്കിയാണ് അധിപത്യമുറപ്പിക്കാനായത്. പൊന്നാനിയിലാവട്ടെ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്.
തെക്കന്‍ ജില്ലകളിലും ലീഗിന് മുന്നേറ്റം നടത്താനായി. തിരുവനന്തപുരം,കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളിലും കൂടുതല്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി. തെക്കന്‍ ജില്ലകളിലേയും മധ്യകേരളത്തിലേയും നഗരസഭകളിലും ലീഗ് പുറത്തെടുത്തത് മിന്നും പ്രകടനമാണ്. മലബാര്‍ ജില്ലകളിലെല്ലാം കോണ്‍ഗ്രസിനൊപ്പം അല്ലെങ്കില്‍ കോണ്‍ഗ്രസിനു മുന്‍പെ മല്‍സരിച്ച സീറ്റുകളില്‍ കൂടുതല്‍ വിജയം ഉറപ്പാക്കി സ്ട്രൈക്ക് റേറ്റില്‍ മുന്നില്‍ ഒാടുകയാണ് മുസ് ലീം ലീഗ്. കണ്ണൂര്‍ കോര്‍പറേഷനില്‍ 16 വാര്‍ഡുകളില്‍ ജയിച്ചു കയറിയത് ലീഗ് സ്ഥാനാര്‍ഥികളാണ്. കോഴിക്കോട് കോര്‍പറേഷനിലും കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, പാലക്കാട് ജില്ലകളിലും ലീഗ് പുറത്തെടുത്ത മിന്നും പ്രകടനം തുണച്ചത് യു.ഡി.എഫിനെ ഒന്നാകെയാണ്.