പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് തീപാറുന്ന വിജയം നേടി. പന്തളത്ത് ഒരു ആശ്വാസം കിട്ടിയത് ഒഴിച്ചാൽ എൽഡിഎഫിന് അടിപതറി. ബിജെപി കയ്പ്പും മധുരവും ഒരുമിച്ച് അനുഭവിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു.
53 പഞ്ചായത്തുകളിൽ 34 എണ്ണം യുഡിഎഫിനൊപ്പം. നാല് നഗരസഭകളിൽ മൂന്നെണ്ണം കയ്യിൽ. 8 ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴും കയ്യിൽ. കോന്നിയിൽ മാത്രം തുല്യ സീറ്റ്. പന്തളം നഗരസഭയിൽ 23 സീറ്റ് പ്രതീക്ഷിച്ചു, കിട്ടിയത് 11. സീറ്റ് ഇരട്ടി ആയി എന്ന് കോൺഗ്രസ്.
എൽഡിഎഫിന് കിട്ടിയത് 11 പഞ്ചായത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35 കയ്യടക്കിയത് എല്ലാം ഒഴിഞ്ഞുപോയി. ഭൂരിപക്ഷം ഇല്ലെങ്കിലും പന്തളം നഗരസഭയിൽ എൽഡിഎഫ് 14 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ബിജെപിക്ക് പന്തളം നഗരസഭയും കയ്യിലിരുന്ന കുളനട, ചെറുകോൽ, കവിയൂർ പഞ്ചായത്തുകളും നഷ്ടമായി. പകരം മറ്റു പുതിയ നാലു പഞ്ചായത്തുകളിൽ ഭൂരിപക്ഷം കിട്ടി. ആകെ 142 പഞ്ചായത്ത് വാർഡുകളിൽ വിജയിച്ചു. 6 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 21 മുൻസിപ്പാലിറ്റി വാർഡുകളിലും വിജയിച്ചു. തമ്മിലടിയാണ് പന്തളം അടക്കം പലയിടത്തും തകർത്തത്. വീഴ്ചയിൽ ബിജെപി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.