നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നതിനിടെ, തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി മുതിർന്ന നേതാക്കളായ കെ.വി. തോമസും എം.എം. മണിയും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സന്നദ്ധനാണെന്നും എന്നാൽ അന്തിമ തീരുമാനം മുന്നണിയാണ് കൈക്കൊള്ളേണ്ടതെന്നും കെ.വി. തോമസ് അറിയിച്ചു. അതേസമയം, തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് പാർട്ടി ഇതുവരെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്ന് എം.എം. മണി വ്യക്തമാക്കി.

എറണാകുളം മണ്ഡലം തനിക്ക് കൈവെള്ള പോലെ പരിചിതമാണെന്ന് കെ.വി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. അസന്നിഗ്ധ ഘട്ടത്തിൽ തന്നെ ചേർത്തുപിടിച്ച പ്രസ്ഥാനമാണ് എൽഡിഎഫ് എന്നും, 2021-ൽ തന്നെ തന്റെ നിലപാടുകൾ മുന്നണിയെയും ജനങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അപ്പോൾ തീരുമാനമെടുക്കും, അതൊന്നും ഇപ്പോൾ പറയേണ്ടതല്ല," എന്നും വ്യക്തമാക്കി.

തന്റെ സ്ഥാനാർഥിത്വം മാറ്റിയതിനെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി പ്രതികരിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പല നേതാക്കൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, എന്നാൽ സ്ഥാനാർഥിയാക്കിയില്ലെങ്കിലും തനിക്ക് പരാതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ കണ്ണൂര്‍ സീറ്റില്‍ ധാരണയായി. മണ്ഡലത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്ഥാനാര്‍ഥിയാകും.