വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിൽ ആർഎസ്എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചു. തുടർച്ചയായി മൂന്നു ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ വെടിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷപ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഹൻദാസ് കുറ്റം സമ്മതിച്ചെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്നും കാണിച്ച് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അപേക്ഷയോടെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്.

എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നും പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ഉള്ള ഒരാളെ ജയിലിലടക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ഇന്നലെ രാത്രി മട്ടാഞ്ചേരിയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അധിക്ഷേപിച്ചത് ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ മോഹൻദാസിനെതിരെ ചുമത്തി. അധിക്ഷേപകരമായ വീഡിയോകൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽനിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്ന സമയം എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

മോഹൻദാസിന്റെ പ്രസ്താവന ആർഎസ്എസ് തള്ളിപ്പറഞ്ഞിട്ടും ബിജെപി ഇന്ന് പരസ്യപിന്തുണയുമായി എത്തി. പ്രമുഖ നേതാക്കൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചത്.

ENGLISH SUMMARY:

RSS ideologue T.G. Mohandas has been granted bail following his arrest over controversial remarks made against protesting youth. Police presented him before the court after conducting mandatory medical examinations at the general hospital. During the court appearance, SFI activists staged a black flag protest and attempted to block the police vehicle. Although police requested remand for further investigation, the court decided to grant bail to the accused.