തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണം നേടി.
ഇപ്പോളിതാ കേരളത്തിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഷാഫി പറമ്പിൽ എംപി. സർക്കാരിനെ ജനങ്ങൾ പഞ്ചായത്തിലും ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പഞ്ചായത്തിലും നിർത്തിപ്പൊരിച്ചെന്നും കേരളത്തിന് നന്ദിയെന്നും ഷാഫി കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനത്തിന്‍റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു.
യുഡിഎഫിന്‍റെ മികച്ച വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധിയും രംഗത്ത് എത്തി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.