തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി യുഡിഎഫ് കുതിക്കവേ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒളിവ് അവസാനിപ്പിച്ച് വോട്ട് ചെയ്യാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിങ് ബൂത്തിലെത്തിയിരുന്നു.
ഒളിവില്‍ പോയതിന് ശേഷം വരുന്ന രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്. നവംബര്‍ 27 നായിരുന്നു രാഹുല്‍ അവസാനമായി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കിടുന്നത്. ‘കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും’ എന്നായിരുന്നു രാഹുലിന്‍റെ അവസാന പോസ്റ്റ്.
ഡിസംബര്‍ 11 രണ്ടാംഘട്ട വോട്ടെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്തിരുന്നു. ഒളിവ് അവസാനിപ്പിച്ചാണ് പാലക്കാട്ടെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. ഇതോടെ ബലാല്‍സംഗക്കേസില്‍ 15 ദിവസം നീണ്ട ഒളിവുജീവിതമാണ് വോട്ടെടുപ്പ് ദിനത്തില്‍ രാഹുല്‍ അവസാനിപ്പിച്ചത്. കോടതി മുന്‍കൂര്‍ ജാമ്യം രണ്ടു കേസിലും അനുവദിച്ചതോടെ പൊതുയിടത്തില്‍ എത്തി വോട്ടു ചെയ്ത് മടങ്ങുമ്പോള്‍ വഴിയൊരുക്കി കേരള പൊലീസും ഒപ്പമുണ്ടായിരുന്നു. തനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്നാണ് പ്രതികരണമാരാഞ്ഞപ്പോള്‍ രാഹുല്‍ അന്ന് പ്രതികരിച്ചത്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ തിരിച്ചടിയാണ് നേരിടുവന്നത്. ഉറച്ച കോട്ടകള്‍ കൈവിട്ടതോടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്. കൊല്ലത്ത് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. മുന്‍ മേയര്‍ രാജേന്ദ്രബാബുവും തോറ്റു. ഗ്രാമപഞ്ചായത്തുകളിലെ 2186വാര്‍ഡുകളിലും ബ്ലോക്കിലെ 76 വാര്‍ഡുകളിലും മുനിസിപ്പാലിറ്റിയിലെ 1333 വാര്‍ഡുകളിലും യുഡിഎഫ് ജയിച്ചു.
ഗ്രാമപഞ്ചായത്തുകളിലെ 243 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. 194 വാര്‍ഡുകളില്‍ എല്‍ഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിലെ 66 വാര്‍ഡുകളില്‍ യുഡിഎഫും 54 ഇടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. 32 ഇടത്ത് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ജില്ലാ പഞ്ചായത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് നേരിയ വ്യത്യാസത്തിലും, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫും മുന്നേറുന്നു.