കണ്ണൂര്‍ പാറാട് യു.ഡി.എഫ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണം. പാര്‍ട്ടി കൊടി കൊണ്ട് മുഖം മൂടി വടിവാളുമായി എത്തിയ അക്രമി സംഘം. കാറും ബൈക്കും നശിപ്പിച്ചു. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. കുന്നോത്തപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ആക്രമണം.
കാസര്‍കോട് ചെറുവത്തൂരില്‍ സിപിഎം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബളാലില്‍ യുഡിഎഫ് വിജയാഹ്ലാദത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വയനാട് കല്‍പറ്റയിലും ആഘോഷപ്രകടനത്തിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
കോട്ടയത്ത് മൂന്നിടത്ത് സംഘര്‍ഷമുണ്ടായി. പളളിക്കത്തോട് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചു മാറ്റാന്‍ എത്തിയ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.ഹൃദ്രോഗിയായിരുന്ന പളളിക്കത്തോട് സ്വദേശി ജോണ്‍ പി തോമസ് ആണ് മരിച്ചത്. കാഞ്ഞിരപ്പളളിയില്‍ യുഡിഎഫ് ആഹ്ളാദപ്രകടനത്തിനിടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മരകക്ഷണങ്ങളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് യുഡിഎഫ് പരാതി.
യുഡിഎഫില്‍ നിന്ന് ജയിച്ച എട്ടാം വാര്‍ഡ് അംഗം സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് അംഗം സുറുമി, യുഡിഎഫ് പ്രവര്‍ത്തകന്‍ ടിഎസ് നിസു എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. വൈക്കം നഗരസഭ അയ്യര്‍കുളങ്ങര പതിമൂന്നാം വാര്‍ഡില്‍ നിന്ന് ജയിച്ച സിപിഎം വിമത എ സി മണിയമ്മയ്ക്ക് മര്‍ദനമേറ്റു. മണിയമ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്ന വിനോദ്, ശ്രീദേവി എന്നിവര്‍ക്കും മര്‍ദനമേറ്റു. വിനോദിന്‍റെ മുഖത്ത് മുറിവേറ്റു. ശ്രീദേവിയുടെ കൈയ്ക്കും പരുക്കേറ്റു. സിപിഎമ്മുകാരുടെ നിര്‍ദേശപ്രകാരം മദ്യ ലഹരിയില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് മണിയമ്മ ആരോപിച്ചു.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ തിരുവനന്തപുരം തിരുമലയിൽ സി.പി.എം, ബി.ജെ.പി സംഘർഷം. ഇരുവിഭാഗത്തിന്റേയും തിരഞ്ഞെടുപ്പ് ഓഫിസുകൾ തകർത്തു. പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായത് പൊലീസ് ഇടപെട്ട് തടഞ്ഞു. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയ തൃക്കണ്ണാപുരം വാർഡിലെ പ്ലാവിളയിലായിരുന്നു സംഘർഷം. തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ വാർഡുകൾ ഇത്തവണ ബി.ജെ.പിയിൽ നിന്നും സി.പി.എം പിടിച്ചെടുത്തിരുന്നു. സി.പി.എമ്മിന്റെ ആഹ്ലാദ പ്രകടനം പോകുന്നതിനിടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഓഫിസ് തകർത്തതാണ് സംഘർഷങ്ങളുടെ തുടക്കം. സ്ഥലത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.