തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ പിടിച്ചെടുത്ത് ജില്ലയിൽ തേരോട്ടം നടത്തുമ്പോഴും ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ.തമ്പിയുടെ വാര്‍ഡില്‍ ബിജെപി തോറ്റു. ആനന്ദ് കെ.തമ്പിയ്ക്ക് സീറ്റ് നിഷേധിച്ച തൃക്കണ്ണാപുരം വാർഡിൽ സിപിഎം സ്ഥാനാർഥിയാണ് ജയിച്ചത്.

കഴിഞ്ഞതവണ ബിജെപി 431 വോട്ടിനു ജയിച്ച വാർഡാണ്‌ തൃക്കണ്ണാപുരം. ഇത്തവണ ബിജെപി സ്ഥാനാർഥി വിനോദ് കുമാര്‍ എം.വിയെ 190 വോട്ടുകൾക്കാണ് സിപിഎമ്മിന്റെ അജിൻ എസ്. എൽ പരാജയപ്പെടുത്തിയത്. ആർഎസ്എസിന്‍റെ പ്രാദേശിക നേതാവും സംരംഭകനുമായിരുന്ന ആനന്ദ് കെ.തമ്പിയുടെ ആത്മഹത്യക്ക് പിന്നാലെയാണ് തൃക്കണ്ണാപുരം വാർഡ് ശ്രദ്ധകേന്ദ്രമായത്. 

ആർഎസ്എസ് തിരുമല ഉപനഗരത്തിന്‍റെ ശാരീരിക് പ്രമുഖ്, സഹകാര്യവാഹ് തുടങ്ങിയ ചുമതലകളും ആനന്ദ് വഹിച്ചിരുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്. സീറ്റ് തനിക്കാണെന്ന ആത്മവിശ്വാസം പലരോടും ആനന്ദ് പ്രകടിപ്പിച്ചിരുന്നു. ആർഎസ്എസിന്‍റെ ജില്ലാ നേതാക്കളോടും ആനന്ദ് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ വാർഡുതലത്തിലെ നേതാക്കൾ ജില്ലാ കമ്മിറ്റിക്ക് അയച്ച അഞ്ചംഗ പാനലിൽ പോലും ആനന്ദിനെ ഉൾപ്പെടുത്തിയില്ല. 

ബിജെപി- ആർഎസ്എസ് തലപ്പത്തു മണ്ണുമാഫിയ പിടിമുറുക്കിയതിനാൽ തനിക്കു സ്‌ഥാനാർഥിത്വം ലഭിച്ചില്ലെന്നായിരുന്നു ആനന്ദിന്റെ ആത്മഹത്യാ കുറിപ്പ്. ബിജെപി ഏരിയ പ്രസിഡന്‍റ്, നിയോജകമണ്ഡലം കമ്മിറ്റി അംഗം, ആർഎസ്എസ് നഗർ ഭാരവാഹി എന്നിവർ മണ്ണു മാഫിയയുടെ ഭാഗമാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാര സ്ഥാനത്ത് ആളെക്കിട്ടാനായി സ്‌ഥാനാർഥി നിർണയം ഉപയോഗപ്പെടുത്തിയ ഇവരാണു സീറ്റ് നിഷേധിച്ചതെന്നും സുഹൃത്തുക്കൾക്കു വാട്‌സാപ്പിൽ അയച്ച ആത്മഹത്യക്കുറിപ്പിൽ ആരോപിച്ചിരുന്നു.

ENGLISH SUMMARY:

BJP loses in RSS worker's ward. The BJP faced defeat in the Thrikkannapuram ward, where RSS worker Anand K. Thampi died by suicide after allegedly being denied a seat, even as the party made gains elsewhere in the district.