തദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ കേസ് ആയുധമാക്കി മുഖ്യമന്ത്രി. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്‍മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ പോലും ന്യായീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി തുറന്നടിച്ചു. സ്വന്തം മന്ത്രിസഭയിലെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട എത്രപേരുണ്ടെന്ന് നോക്കണമെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പരാതി പൂഴ്ത്തിയയാളാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പ് വിഷയമാകണമെന്നാണ് യു.ഡി.എഫിന്‍റെ ഏറ്റവും വലിയ ആഗ്രഹം. അങ്ങിനെയാവരുതെന്ന് എല്‍.ഡി.എഫും. അതിനാല്‍ ആദ്യഘട്ട വോട്ടെടുപ്പ് ദിവസം ദിലീപിനെ അനുകൂലിച്ച് യു.ഡി.എഫ് കണ്‍വീനറുടെ വാക്ക് എല്‍.ഡി.എഫ് വീണ് കിട്ടിയ ആയുധമാക്കിയെങ്കില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് മുഖ്യമന്ത്രി തന്നെ എടുത്തടിച്ചു. പിണറായിയിലെ സ്കൂളില്‍ കുടുംബസമേതം വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി, സ്വര്‍ണക്കൊള്ളയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം കടുത്ത വാക്കുകളോടെ കോണ്‍ഗ്രസിന് നേര്‍ക്ക് കടന്നാക്രമണം നടത്തിയത്.
മന്ത്രിസഭയിലടക്കം പീഡനക്കേസ് പ്രതികളെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പീഡനപരാതികളില്‍ മുഖ്യമന്ത്രിയ്ക്ക് രാഷ്ട്രീയ ലക്ഷ്യമുള്ള ഇരട്ടത്താപ്പാണുള്ളതെന്ന് കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ ഉന്നയിക്കുന്ന മുഖ്യമന്ത്രി കണ്ണാടി നോക്കണമെന്ന് കെ.സി.വേണുഗോപാലും തിരിച്ചടിച്ചു. പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്ന് കെ.കെ.രമയും ആവശ്യപ്പെട്ടു.
സ്വര്‍ണക്കൊള്ള ചര്‍ച്ചയാകാതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ചൂണ്ടയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊത്തിയതോടെ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട ദിനത്തിലും വാഗ്വാദത്തില്‍ നിറഞ്ഞത് യു.ഡി.എഫിന് തലവേദനയാകുന്ന വിഷയങ്ങള്‍ തന്നെയാണ്.