രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎം ശീലമെന്നും ചെന്നിത്തല പരിഹസിച്ചു. Also Read: കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി
സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാർട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ഒരു നടി കൊടുത്ത പരാതി രണ്ടാഴ്ചയായി മുഖ്യമന്ത്രി കയ്യില്‍ വെച്ചിരിക്കുകയായിരുന്നു. എന്താ അദ്ദേഹം പോലീസിന് ഫോർവേഡ് ചെയ്യാഞ്ഞതെന്ന് ചെന്നിത്തല ചോദിച്ചു. കെപിസിസി പ്രസിഡന്റ് ഒരു പരാതി കിട്ടിയപ്പോൾ അടുത്ത നിമിഷം അദ്ദേഹം ആ പരാതി ഡിജിപിക്ക് കൊടുത്തു അതാണ് ഞങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം. അപ്പോൾ ഇത്തരം കാര്യങ്ങൾ ഒന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ ചെലവാകാൻ പോകുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിടുമെന്ന് കണ്ടുകൊണ്ടാണ് അദ്ദേഹം ഇത്തരം കള്ളപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാല്‍സംഗ പരാതി ആസൂത്രിതമെന്ന കെ.പി.സി.സി. പ്രസിഡന്റിന്‍റെ ആരോപണത്തില്‍ രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്മാര്‍ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭയംകൊണ്ടാണ് അതിജീവിതകള്‍ പരാതിയുമായി മുന്നോട്ടുവരാത്തത്. നിങ്ങളെ കൊന്നുതള്ളുമെന്നാണ് ഓരോരുത്തരെയും ഭീഷണിപ്പെടുത്തുന്നത്. രാഹുലിനെതിരായ രണ്ടാംപരാതി കെ.പി.സി.സി. അല്ലേ പൊലീസിന് കൈമാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.