രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കണ്ണൂരില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. തനിക്ക് കിട്ടിയ പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിനുണ്ടെന്നും ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. പരാതി എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം. ജനം വിലയിരുത്തട്ടെ. എനിക്ക് പരാതി ലഭിച്ച സമയത്ത് തന്നെ മാധ്യമങ്ങൾക്കും ലഭിച്ചു.
എന്തായിരുന്നു അതിന്‍റെ ലക്ഷ്യം. പരാതി ആർക്കാണ് അയക്കേണ്ടതെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ എനിക്കാണ് അയച്ചത്. പരാതി ആസൂത്രിതമായി തയാറാക്കിയതാണ്. എന്നാൽ അതിന് എതിർ വശങ്ങളുണ്ട്. അതെല്ലാം കോടതി വിലയിരുത്തിയിട്ടുണ്ട്. രാഹുൽ വോട്ടു ചെയ്യാൻ വരുമോ എന്നറിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. Also Read: ശബരിമല സ്വര്‍ണക്കൊള്ള ബാധിക്കില്ല; എല്‍ഡിഎഫ് ചരിത്രവിജയത്തിലേക്കെന്ന് മുഖ്യമന്ത്രി
തദ്ദേശ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് എന്നും സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ വലിയൊരു ജനവിധി ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി വന്നത് ശബരിമലയിലെ കൊള്ളയിൽ പ്രതികളാക്കപ്പെട്ടവർക്ക് ഭരണകക്ഷി നൽകുന്ന സംരക്ഷണമാണ്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.