pinarayi-vijayan-04

തദ്ദേശ തിരഞ്ഞെടുപ്പില്‍  എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സർക്കാർ കർക്കശമായ നിലപാടാണ് എടുത്തത്. ഈ സർക്കാരല്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈംഗിക വൈകൃതമുള്ള കുറ്റവാളികളെ ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.  കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഇരയായ ആളുകള്‍  പങ്കുവച്ചകാര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. ഇരകളെ കൊന്നു തള്ളുമെന്ന ഭീഷണിയാണ് പ്രതിസ്ഥാനത്തുള്ളയാള്‍ ഉയര്‍ത്തിയിരിക്കുന്നത്.

അതിനാൽ തന്നെ യഥാര്‍ഥ വസ്തുതകള്‍ തുറന്നുപറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ  രണ്ടാം പരാതി ആസൂത്രിതമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ പ്രതികരണത്തിനടക്കം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan has stated that the Sabarimala gold smuggling issue will not affect the election outcome. Expressing strong confidence, he said the LDF is poised for a historic victory. The CM noted that the government took the strongest stand on Sabarimala, earning the trust of devotees. He reaffirmed unwavering support for the survivor in the actress assault case. Pinarayi criticised Congress leaders, alleging threats were made against victims who raised complaints. His remarks countered KPCC President Sunny Joseph’s claim that the second complaint against Rahul Mankoottil was planned.