തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ 70.09 പോളിങ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. 74.58 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ എറണാകുളമാണ് മുന്നില്‍. 66.78 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയാണ് പിന്നില്‍. ആലപ്പുഴ 73.76, ഇടുക്കി 71.77, കോട്ടയം 70.96, കൊല്ലം 70.36, തിരുവനന്തപുരം 67.04 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം. കോര്‍പറേഷന്‍ തിരിച്ചുള്ള കണക്കില്‍ കൊല്ലം കോര്‍പറേഷനില്‍ 63.32, കൊച്ചി കോര്‍പറേഷനില്‍ 62.52, തിരുവനന്തപുരം കോര്‍പറേഷനില്‍ 58.24 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയവരുടെ ശതമാന കണക്ക്. അവസാന പോളിങ് ശതമാന കണക്കുകള്‍ ഇന്ന് രാവിലെയോടെയെ അന്തിമമാവൂ എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
അതേ സമയം എറണാകുളത്ത് പൊലീസിന്‍റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാപകമായി കള്ളവോട്ടിന് എല്‍ഡിഎഫ് ശ്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി കിട്ടിയെന്നും മികച്ച വിജയം ഉറപ്പെന്നുമാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. കോര്‍പ്പറേഷനില്‍ വന്‍ വിജയം നേടുമെന്നാണ് എല്‍ഡിഎഫിന്‍റെയും ആത്മവിശ്വാസം. ബ്ലോക് പഞ്ചായത്തില്‍ കൂടുതല്‍ മേല്‍ക്കൈയും പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റവും സിപിഎം പ്രതീക്ഷിക്കുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ അടക്കം എറണാകുളത്ത് പോളിങ് ശതമാനം ഉയര്‍ന്നതില്‍ വലിയ അവകാശവാദമാണ് പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജില്ല പിടിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. പഞ്ചായത്തുകളില്‍ മികച്ച ഭൂരിപക്ഷം. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ കൈവിട്ട സീറ്റുകള്‍കൂടി നേടും. കോര്‍പ്പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും പാര്‍ട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പോളിങ് ശതമാനം കണക്കിലെടുത്ത് കോണ്‍ഗ്രസ് പാളയത്തിലെ വിലയിരുത്തല്‍ ഇവയാണ്. വിമതശല്യം ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്നും വിലയിരുത്തലുണ്ട്.
കോര്‍പറേഷനില്‍ കഴിഞ്ഞ തവണ അഞ്ചു സീറ്റു നേടിയ ബിജെപി ഇത്തവണ മൂന്ന് മടങ്ങായി ശക്തിവര്‍ധിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. തൃപ്പൂണിത്തുറ നഗരസഭയും ഉദയംപേരൂര്‍, ചേരാനല്ലൂര്‍, കുഴുപ്പിള്ളി പഞ്ചായത്തുകളിലും എന്‍ഡിഎ പ്രതീക്ഷവയ്ക്കുന്നു. കിഴക്കമ്പലം അടക്കം നാല് പഞ്ചായത്തുകള്‍ ശക്തികേന്ദ്രമായി തുടരുമെന്നാണ് ട്വന്‍റി20യുടെ കണക്കുകൂട്ടല്‍.
അതേസമയം, വടക്കന്‍ കേരളം നാളെ വിധിയെഴുതും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മലബാറിലെ വിധി മൂന്നുമുന്നണികള്‍ക്കും നിര്‍ണായകമാണ്. എതിരാളികളെ ഒളിഞ്ഞിരുന്ന് വീഴ്ത്തുന്ന അപരന്‍മാരും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരസ്യമായി വെല്ലുവിളിച്ച് ഒറ്റയ്ക്കും മുന്നണിയായും ഇറങ്ങിയ വിമതന്‍മാരും കളം നിറഞ്ഞതോടെയാണ് മുന്നണികള്‍ക്ക് ചങ്കിടിപ്പേറുന്നത്. ജമാ അത്തെ ഇസ്ലാമി ബന്ധവും രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗികാരോപണവും സ്വര്‍ണപാളിയും താഴെത്തട്ടുവരെ ചര്‍ച്ചയായ മലബാറില്‍ പതിവ് മേല്‍ക്കൈ നിലനിര്‍ത്താന്‍ എല്‍ഡിഎഫിനാകുമോ എന്നതാണ് കാണേണ്ടത്.
കണ്ണൂര്‍,കോഴിക്കോട്, തൃശൂര്‍ കോര്‍പറേഷനുകളില്‍ എന്തും സംഭവിക്കാം.പാലക്കാട് നഗരസഭയില്‍ മൂന്നാം ഊഴം ലക്ഷ്യമിട്ട ബി ജെപിയുടെ ഭാവിയെന്ത്. ടി പിയുടെ ഒാര്‍മകള്‍ അവശേഷിക്കുന്ന ഒഞ്ചിയത്തേയും ഏറാമലയിലേയും മണ്ണീല്‍ വീണ്ടും സി പി എം പതാക പാറുമോ...അങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് വിധിയെഴുത്ത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് .1,53 37176 വോട്ടര്‍മാര്‍.38994 സ്ഥാനാര്‍ഥികള്‍. 18 274 പോളിങ് സ്റ്റേഷനുകള്‍. ഇതില്‍ 2055 എണ്ണം പ്രശ്നബാധിതം. കണ്ണൂരിലെ 14 വാര്‍ഡുകളിലും കാസര്‍കോടെട്ടെ രണ്ടിടത്തും എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുത്തതിനാല്‍ വോട്ടെടുപ്പില്ല. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മലപ്പുറം മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.