phase-one

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.  ഏഴു ജില്ലകള്‍ ഇന്ന് വോട്ടുചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, എറണാകുളം  എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍,  471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ളോക്ക്  പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം.  

15,432 പോളിംങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്.  480 പ്രശ്നബാധിത ബൂത്തുകളുണ്ട്.  രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സിപിഎം ദേശീയ ജനറല്‍സെക്രട്ടറി എം.എ.ബേബി, മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്, സജിചെറിയാന്‍ , പി.രാജീവ് എന്നിവര്‍ ആദ്യഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍  90 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 100  കോര്‍പറേഷന്‍ വാര്‍ഡുകളിലേക്കും  നാലു മുന്‍സിലിറ്റിയിലേക്കും  28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും  73 ഗ്രാമപഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന തിരുവനന്തപുരം കോര്‍പറേനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട് . ജില്ലയിലാകെ  3,254  പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 

ആകെ 2,991 പുരുഷന്മാർ, 3,317 സ്ത്രീകൾ, ഒരു ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ ആകെ 6,309 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. നിലവില്‍  51 സീറ്റുകളുമായി എല്‍ഡിഎഫാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. 26 അംഗ സീറ്റുള്ള ജില്ലാപഞ്ചായത്തില്‍ 21 സീറ്റുമായി എല്‍ഡിഎഫായിരുന്നു ഭരണത്തില്‍. ആറ്റിങ്ങല്‍ , നെടുമങ്ങാട് , നെയ്യാറ്റിന്‍കര , വര്‍ക്കല മുന്‍സിപാലിറ്റികളും നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. നെയ്യറ്റിന്‍കരയില്‍ യുഡിഎഫിന് രണ്ട് സീറ്റിനും, വര്‍ക്കലയില്‍ എന്‍ഡിഎയ്ക്ക് രണ്ട് സീറ്റിനുമാണ് കഴിഞ്ഞ തവണ ഭരണം നഷ്ടമായത്.

അതേസമയം വടക്കന്‍ കേരളത്തിലെ പരസ്യ പ്രചാരണത്തിന് ഇന്ന്  (ചൊവ്വ) സമാപനമാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കണ്ണൂരിലെ 14 വാര്‍ഡുകളിലും  കാസര്‍കോടെ രണ്ടിടത്തും എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തിര‍ഞ്ഞെടുത്തതിനാല്‍  വോട്ടെടുപ്പില്ല. കാലാവധി കഴിയാത്തതിനാല്‍  കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലും വോട്ടെടുപ്പില്ല. 39,013 സ്ഥാനാര്‍ഥികളാണ് രണ്ടാം‌ംഘട്ടത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വടക്കന്‍ കേരളത്തില്‍ മേല്‍ക്കൈ.  

ENGLISH SUMMARY:

Kerala Local Body Elections mark the first phase of voting today across seven districts. The election will decide representatives for various local bodies, with voters required to carry identification.