തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് ജില്ലകളില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ മികച്ച പോളിങ്. 14 ശതമാനം കടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തില്‍. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ മൂന്നു കോര്‍പ്പറേഷനുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍ എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍. ആകെ 595 തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതാണ് ആദ്യഘട്ടം. 15,432 പോളിങ് സ്റ്റേഷനുകളിലായി 1.32 കോടി വോട്ടര്‍മാരാണുള്ളത്. 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
വോട്ടര്‍മാര്‍ സ്ലിപ്പും തിരിച്ചറിയല്‍ രേഖകളിലൊന്നും കൈവശം കരുതണം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സിപിഎം ദേശീയ ജനറല്‍സെക്രട്ടറി എം.എ.ബേബി, മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്, സജിചെറിയാന്‍ , പി.രാജീവ് എന്നിവര്‍ ആദ്യഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, കൊച്ചി പാമ്പാക്കുട പഞ്ചായത്ത് 10–ാം വാർഡ് ആയ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3നായിരുന്നു സംഭവം. വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
വടക്കന്‍ കേരളത്തിലെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനമാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കണ്ണൂരിലെ 14 വാര്‍ഡുകളിലും കാസര്‍കോടെ രണ്ടിടത്തും എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുത്തതിനാല്‍ വോട്ടെടുപ്പില്ല. കാലാവധി കഴിയാത്തതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലും വോട്ടെടുപ്പില്ല. 39,013 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വടക്കന്‍ കേരളത്തില്‍ മേല്‍ക്കൈ.